ഇന്ധന നികുതിയില്‍ കുറവ് വരുത്തേണ്ടതില്ല; സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യത ജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും സിപിഎം
കേന്ദ്രം നികുതിയിളവ് പ്രഖ്യാപിച്ചെന്ന സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാനം അധിക ഇളവ് വരുത്തേണ്ടതില്ലെന്ന രാഷ്ട്രീയ തീരുമാനമാണ് സിപിഎം കൈക്കൊള്ളുന്നത്.
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന നികുതിയില്‍ കുറവ് വരുത്തേണ്ടതില്ലെന്ന് സിപിഎം സെക്രട്ടറിയേറ്റ്. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയടക്കമുള്ള കാര്യങ്ങള്‍ ജനങ്ങളെ ബോധ്യപ്പെടുത്താനാവുമെന്നാണ് പാര്‍ട്ടി വിലയിരുത്തല്‍. സാഹചര്യം വിശദീകരിക്കാന്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ചുമതലപ്പെടുത്തി.
കേന്ദ്രം നികുതിയിളവ് പ്രഖ്യാപിച്ചെന്ന സമ്മര്‍ദ്ദത്തിന് വഴങ്ങി സംസ്ഥാനം അധിക ഇളവ് വരുത്തേണ്ടതില്ലെന്ന രാഷ്ട്രീയ തീരുമാനമാണ് സിപിഎം കൈക്കൊള്ളുന്നത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി സംസ്ഥാനം നികുതി വര്‍ധിപ്പിച്ചിട്ടില്ല എന്നതും പെട്രോളിന് 30.08, ഡീസലിന് 22.7 രൂപയുമാണ ആണ് ഈ വര്‍ഷങ്ങളില്‍ തുടരുന്ന നികുതി എന്നതും ജനങ്ങളെ ബോധ്യപ്പെടുത്താമെന്ന പ്രതീക്ഷയാണ് സിപിഎമ്മിനുള്ളത്.
കേന്ദ്രം നികുതി കുറച്ചാല്‍ തങ്ങളും നികുതിയിനത്തില്‍ കുറവ് വരുത്തുമെന്നായിരുന്നു സംസ്ഥാനങ്ങള്‍ നേരത്തെ കേന്ദ്ര പെട്രോളിയം മന്ത്രാലയത്തെ അറിയിച്ചിരുന്നത്. എന്നാല്‍, കേന്ദ്രം പ്രഖ്യാപിച്ചിട്ടും അധിക നികുതിയിളവ് അനുവദിക്കാന്‍ കഴിയില്ലെന്ന നിലപാടാണ് ധനമന്ത്രി കെഎം ബാലഗോപാല്‍ മാധ്യമങ്ങള്‍ക്ക് മുമ്പില്‍ അറിയിച്ചത്. നികുതി ഘടന സംബന്ധിച്ച സാങ്കേതികത്വങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ധനകാര്യ വകുപ്പ് നിലപാടെടുത്തിരിക്കുന്നത്.
സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിന് പരിമിതികളുണ്ടെന്നും കേന്ദ്രം വിലകുറച്ചതിന് ആനുപാതികമായി സംസ്ഥാനം വില കുറച്ചിട്ടുണ്ടെന്നുമാണ് ധനമന്ത്രി നേരത്തെ വിശദീകരിച്ചത്. കേന്ദ്രം പെട്രോളിന് അഞ്ചും ഡീസലിന് പത്തും രൂപ വീതം കുറച്ചപ്പോള്‍ സംസ്ഥാനത്ത് യഥാക്രമം 2.50, 1.60 രൂപയുടെ കുറവ് വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
നേരത്തെ കൂട്ടിയിരുന്ന നികുതിയാണ് മറ്റ് സംസ്ഥാനങ്ങള്‍ ഇപ്പോള്‍ കുറയ്ക്കുന്നത്. ഇന്ധന നികുതിയില്‍നിന്നുള്ള വരുമാനത്തില്‍നിന്നാണ് സംസ്ഥാനം പെന്‍ഷനും ശമ്പളവുമടക്കം നല്‍കുന്നത്. കൊവിഡിന്റെയടക്കം വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനത്തിനുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
