'വാക്കുകള്‍ക്ക് നിരോധനമില്ല, രേഖകളിലുണ്ടാവില്ലെന്നു മാത്രം'; കേന്ദ്ര നീക്കത്തെ ന്യായീകരിച്ച് ലോക്‌സഭാ സ്പീക്കര്‍

Update: 2022-07-14 11:59 GMT

ന്യൂഡല്‍ഹി: അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക പുതുക്കിയ ലോക്‌സഭാ സെക്രട്ടറിയേറ്റിന്റെ നടപടിയെ ന്യായീകരിച്ചും നിസ്സാരവല്‍ക്കരിച്ചും ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള. അഴിമതിക്കാരന്‍, നിരുത്തരവാദപരം തുടങ്ങിയ വാക്കുകള്‍ രണ്ട് സഭയിലും നിരോധിച്ചിട്ടില്ലെന്നും അവ യഥേഷ്ടം ഉപയോഗിക്കാമെന്നും രേഖകളില്‍നിന്ന് നീക്കം ചെയ്യുമെന്നേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

'മുമ്പ് ഇത്തരം അണ്‍പാര്‍ലമെന്ററി വാക്കുകളുടെ ഒരു പുസ്തകം പുറത്തിറക്കിയിരുന്നു... പേപ്പറുകള്‍ പാഴാകാതിരിക്കാന്‍ ഞങ്ങള്‍ അത് ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വാക്കുകള്‍ നിരോധിച്ചിട്ടില്ല, നീക്കം ചെയ്ത വാക്കുകളുടെ സമാഹാരം ഞങ്ങള്‍ പുറത്തിറക്കി.'

1100 പേജുള്ള ഈ നിഘണ്ടു (അണ്‍പാര്‍ലമെന്ററി പദങ്ങള്‍ അടങ്ങുന്ന) അവര്‍ (പ്രതിപക്ഷക്കാര്‍) വായിച്ചിട്ടുണ്ടോ? ഉണ്ടായിരുന്നെങ്കില്‍... തെറ്റിദ്ധാരണ പരത്തില്ലായിരുന്നു... 1954, 1986, 1992, 1999, 2004, 2009, 2010 വര്‍ഷങ്ങളിലാണ് ഇത് പുറത്തിറങ്ങിയത്. 2010 മുതല്‍ വാര്‍ഷികാടിസ്ഥാനത്തില്‍ റിലീസ് ചെയ്യാന്‍ തുടങ്ങി,'- അദ്ദേഹം പരിഹസിച്ചു.

അഴിമതിക്കാരന്‍, കരിദിനം, സേച്ഛാധിപതി തുടങ്ങിയ 65 വാക്കുകള്‍ക്കാണ് പാര്‍ലമെന്റില്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ലോക്‌സഭാ സെക്രട്ടറി ബുക്ക്‌ലെറ്റ് പുറത്തിറിക്കി. അണ്‍പാര്‍ലമെന്ററി വാക്കുകള്‍ ഉപയോഗിച്ചാല്‍ രേഖകളില്‍ നിന്ന്‌നീക്കുമെന്നുതന്നെയാണ് ബുക്ക് ലെറ്റില്‍ പറയുന്നത്. 18ന് പാര്‍ലമെന്റിന്റെ മണ്‍സൂണ്‍കാല സമ്മേളനം ആരംഭിക്കാനിരിക്കെയാണ് നിര്‍ദേശം പുറത്തിറക്കിയത്.

അരാജകവാദി, കുരങ്ങന്‍, കൊവിഡ് വാഹകന്‍, അഴിമതിക്കാരന്‍, കുറ്റവാളി, മുതലക്കണ്ണീര്‍,നാടകം, കഴിവില്ലാത്തവന്‍, കാപട്യം, കരിദിനം, ഗുണ്ട, ചതി, അഹങ്കാരം, നാട്യം,സേച്ഛാധിപതി, ശകുനി,ഖാലിസ്ഥാന്‍, ഇരട്ടവ്യക്തിത്വം, കഴുത, രക്തം കൊണ്ടുകളിക്കുന്നവന്‍, ഉപയോഗശൂന്യമായ, കള്ളം, അസത്യം തുടങ്ങിയ ഒരുകൂട്ടം വാക്കുകള്‍ ഉപയോഗിക്കരുത് എന്നാണ് പുതിയ നിര്‍ദേശത്തില്‍ പറയുന്നത്. ഈ നിര്‍ദേശങ്ങള്‍ രാജ്യസഭയ്ക്കും ബാധകമാണെന്ന് ലോക്‌സഭാ സെക്രട്ടറി വ്യക്തമാക്കി.

ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഇരുസഭകള്‍ക്കും അണ്‍പാര്‍ലമെന്ററി വാക്കുകളുടെ പട്ടിക കൈമാറി. പാര്‍ലമെന്റില്‍ വാദപ്രതിവാദത്തിനിടെ അംഗങ്ങള്‍ ഇത്തരം മൂര്‍ച്ചയേറിയ വാക്കുകള്‍ ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാല്‍ ഭരണകക്ഷികളുടെ സമര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരത്തിലുള്ള ഒരുനീക്കമെന്നും,വാക്കുകള്‍ വിലക്കുന്നത് സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിനെ തടസ്സപ്പെടുത്താനാണെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു.