കുഞ്ഞികൃഷ്ണനെ കൊല്ലുമോ എന്ന ഭയമുണ്ട്; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ് തള്ളിയതില്‍ പ്രതികരണവുമായി വി ഡി സതീശന്‍

Update: 2026-02-02 05:43 GMT

തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടിസ് തള്ളിയതില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാരിന് കുട പിടിക്കുന്ന നിലപാടാണ് സ്പീക്കറുടേതെന്ന് അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്ക് എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് പരോള്‍ കൊടുക്കുന്നതെന്നും കൊടും ക്രിമിനലുകള്‍ക്കാണ് പരോള്‍ കൊടുക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. ടി പി ചന്ദ്രശേഖര്‍ വധക്കേസ് പ്രതികള്‍ക്ക് പരോള്‍ നല്‍കിയ അടിയന്തര പ്രമേയമാണ് ഇന്ന് സഭ തള്ളിയത്. നോട്ടിസ് പരിഗണിക്കാന്‍ കഴില്ലെന്ന് സ്പീക്കര്‍ അറിയിക്കുകയായിരുന്നു

ടിപി ചന്ദ്രശേഖര്‍ വധക്കേസിലെ പ്രതികള്‍ മൂന്നു കൊല്ലക്കാലം പുറത്താണുണ്ടായിരുന്നത്. 1000 ത്തിലധികം ദിവസമാണ് അവര്‍ക്ക് പരോള്‍ കിട്ടിയത്.സിപിഎമ്മിനു വേണ്ടി കൊല നടത്തിയ പ്രതികള്‍ക്ക് പരോള്‍ കൊടുക്കുകയാണ്. കെ കെ രമയുടെ മുന്നില്‍ മറുപടി കൊടുക്കാന്‍ കഴിയാതെയാണ് മുഖ്യമന്ത്രി ഇന്ന് ഒളിച്ചോടിയത്. പാര്‍ലമെന്ററി കാര്യമന്ത്രി നോട്ടിസ് പോലും വായിച്ചു നോക്കാതെയാണ് പാര്‍ലമെന്റില്‍ ഗീര്‍വാണ പ്രസംഗങ്ങള്‍ നടത്തുന്നത്.

കുഞ്ഞികൃഷ്ണന്‍ ജീവന്‍ സംരക്ഷിക്കാനായി കോടതിയില്‍ പോയി പോലിസ് സംരക്ഷണം തേടി. പ്രതികളെ പുറത്തിറക്കിയത് കുഞ്ഞികൃഷ്ണനെ കൊല്ലാനാണോ എന്ന് ഭയമുണ്ട്. കാരണം കുഞ്ഞികൃഷ്ണന്റെ പുസ്തകം ഈ നാലിന് പുറത്തിറങ്ങുകയാണ്. പ്രതികള്‍ക്ക് ജയിലില്‍തന്നെ നല്ല സൗകര്യംമാണ് സര്‍ക്കാര്‍ ഒരുക്കി കൊടുക്കുന്നത്. ജയിലില്‍ കിടന്ന് കൊട്ടേഷന്‍ നടത്താനുള്ള സൗകര്യമുണ്ട്.

കൊടും കുറ്റവാളികളെ പാര്‍ട്ടി സംരക്ഷിക്കുകയാണെന്നും കേട്ടു കേള്‍വിയില്ലാത്ത സംഭവമാണ് കേരളത്തില്‍ നടക്കുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു. ഇതൊക്കെ നിയമസഭയിലല്ലാതെ പുത്തരിക്കണ്ടത്തു പോയി സംസാരിക്കാനാകുമോ എന്നും അദ്ദേഹം ചോദിച്ചു.

Tags: