'രാഷ്ട്രീയ പ്രവര്‍ത്തനത്തിന് ഒരു മാന്യതയുണ്ട്'; രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരേ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ പൊതു പ്രവര്‍ത്തന രംഗത്ത് അപവാദം വരുത്തി വക്കുന്ന സംഭവങ്ങള്‍ പലഘട്ടങ്ങളിലും സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രത്തോളം മോശം ഘട്ടത്തിലേക്കു പോയ കാര്യങ്ങള്‍ ഇതുവരെ സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ നമ്മുടെ സമൂഹത്തില്‍ വലിയ പ്രതികരണങ്ങള്‍ ഉണ്ടാക്കുന്ന സംഭവങ്ങളായി മാറിയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കോണ്‍ഗ്രസിനകത്ത് ഈ സംഭവത്തില്‍, പലരും പല ആഭിപ്രായങ്ങളാണ് പറയുന്നത്. പൊതുപ്രവര്‍ത്തനത്തിനും രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഒരു മാന്യതയുണ്ട്. അത് കോണ്‍ഗ്രസിനകത്തു തന്നെ പലരും പ്രകടിപ്പിച്ചു കഴിഞ്ഞു. ഇത്രയെല്ലാം കാര്യങ്ങള്‍ വന്നിട്ടും ഈ മോശം സംഭവങ്ങള്‍ക്ക് കാരണക്കാരനായ ഒരാളെ സംരക്ഷിക്കുന്ന നില വളരെ അപകടരമാണ്. അത്തരമൊരു നിലപാട് പ്രതിപക്ഷനേതാവ് സ്വീകരിക്കുന്നത് ഒട്ടും ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഫോണ്‍സംഭാഷണത്തിന്റെ ഭാഗങ്ങള്‍ പുറത്തുവന്നതും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭാഷണത്തിന്റെ ഒരു ഭാഗത്ത് ഗര്‍ഭഛിദ്രത്തിനു സമ്മതിച്ചില്ലെങ്കില്‍ കൊല്ലുമെന്ന് പറയുന്നുണ്ട്. ആ ഭീഷണി എത്രത്തോളം മോശമാണെന്നും അത്തരം ഒരാളെ വഴി വിട്ട് ന്യായീകരിക്കുന്നത് ശരിയല്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഇത് ഇവിടെ ഒതുങ്ങിയാല്‍ നല്ലതെന്നും വ്യക്തമാക്കി. സംഭവത്തില്‍ നിയമപരമായ വസ്തുതകള്‍ പോലിസ് എടുക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.