സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് പുതിയ നിര്‍ദേശങ്ങളൊന്നുമില്ല; കര്‍ഷകര്‍ ചര്‍ച്ചക്കുവന്നതിനെ ചോദ്യം ചെയ്ത് കേന്ദ്ര കൃഷിമന്ത്രി
ന്യൂഡല്‍ഹി: കാര്‍ഷിക നിയമ ഭേദഗതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സമരംചെയ്യുന്ന കര്‍ഷകരുടെ കാര്യം സര്‍ക്കാര്‍ ഗൗരവമായാണ് പരിഗണിക്കുന്നതെന്നും എന്നാല്‍ സമരക്കാര്‍ക്ക് പുതിയ നിര്‍ദേശങ്ങളൊന്നും മുന്നോട്ടുവയ്ക്കാനില്ലെന്നും കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തൊമര്‍. കര്‍ഷകരുമായി ചര്‍ച്ച ചെയ്യാന്‍ തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
ചര്‍ച്ചക്കിടയില്‍ സര്‍ക്കാര്‍ ഏകപക്ഷീയമായി നിര്‍ദേശങ്ങള്‍ മുന്നോട്ടുവയ്ക്കുകയായിരുന്നെന്നും എന്നാല്‍ കര്‍ഷകര്‍ക്ക് യാതൊരു നിര്‍ദേശങ്ങളും പുതുതായി മുന്നോട്ട് വയ്ക്കാനില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിര്‍ദേശങ്ങളുമായി മുന്നോട്ട് വരാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചെങ്കിലും അതൊന്നുമില്ലാതെയാണ് സമരക്കാര്‍ എത്തിയതെന്നും കൃഷി മന്ത്രി കുറ്റപ്പെടുത്തി.
''ചര്‍ച്ചക്കിടയില്‍ കര്‍ഷകര്‍ക്കനുകൂലമായി ഏകപക്ഷീയമായി നിരവധി നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ മുന്നോട്ടുവച്ചു. കര്‍ഷകരുടെ നിര്‍ദേശങ്ങളെക്കുറിച്ച് ഞങ്ങള്‍ ആരാഞ്ഞു. നിര്‍ദേശങ്ങളുമായി വരാന്‍ ആവശ്യപ്പെട്ടു''- മന്ത്രി പറഞ്ഞു.
''പുതിയ നിര്‍ദേശങ്ങളില്ലാതെ എന്തിനാണ് കര്‍ഷകര്‍ ചര്‍ച്ചക്കെത്തിയത്. അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയ്യാറാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരും സമരക്കാരും തമ്മില്‍ നിരവധി റൗണ്ട് ചര്‍ച്ചകള്‍ നടന്നിരുന്നു. കര്‍ഷകരുടെ താല്‍പര്യങ്ങള്‍ക്കുവേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ഏഴ് വര്‍ഷമായി പണിയെടുക്കുന്നതെന്നും മന്ത്രി അവകാശപ്പെട്ടു. കര്‍ഷകരുടെ ധനസ്ഥിതി മെച്ചപ്പെടുത്താന്‍ 1.8 കോടി കര്‍ഷകര്‍ക്കായി 1.37 ലക്ഷം കോടി രൂപ പ്രധാന്‍മന്ത്രി കിസ്സാന്‍ സമ്മാന്‍ നിധി വഴി വിതരണം ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.
