ഊടുവഴികളിലൂടെ തമിഴ്‌നാട്ടില്‍ നിന്ന് പാലക്കാട്ടേക്ക് റേഷന്‍ അരി കടത്തുന്ന സംഘങ്ങള്‍ സജീവം

Update: 2021-10-08 03:28 GMT

പാലക്കാട്: അതിര്‍ത്തി ഗ്രാമങ്ങളിലെ ഊടുവഴികളിലൂടെ തമിഴ്‌നാട്ടില്‍ നിന്നുള്ള റേഷന്‍ അരി പാലക്കാട്ടേക്ക് കടത്തുന്നു. റേഷന്‍ അരി കടത്തുന്ന വന്‍ സംഘങ്ങള്‍ അതിര്‍ത്തിയില്‍ തമ്പടിച്ചാണ് അരി ശേഖരിക്കുന്നത്. കാര്‍, വാന്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയിലൂടെ എത്തിച്ച് പട്ടാപ്പകല്‍ തന്നെയാണ് കടത്ത് നടക്കുന്നത്. ഇങ്ങനെ എത്തിക്കുന്ന അരി സംഭരിക്കുന്നതിന് നിരവധി രഹസ്യ ഗോഡൗണുകളും അതിര്‍ത്തി ഗ്രാമങ്ങളിലുണ്ട്. 

ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ് കടത്തുമാഫിയകളില്‍ ഏറെയും. യുവാക്കളുമുണ്ട്. മുന്‍ കാലങ്ങളില്‍ മറ്റ് കള്ളക്കടത്തുകളില്‍ സജീവമായിരുന്നവര്‍ തന്നെയാണ് ഇപ്പോഴത്തെ കടത്തിനുപിന്നിലും. ഇതിന്റെ മറവില്‍ കഞ്ചാവ് കടത്തും വ്യാപകമാണ്. 

അതിര്‍ത്തിയിലെ ഊടുവഴികളിലൂടെ ദിനംപ്രതി ആയിരം ടണ്‍ വരെ അരി എത്തുന്നുണ്ടെന്നാണ് അറിയുന്നത്. പാലക്കാട് അതിര്‍ത്തിയിലെ വാളയാര്‍, ഗോപാലപുരം, വേലന്താവളം, കുപ്പാണ്ട, കൗണ്ടനൂര്‍, നടുപ്പുണി, മീനാക്ഷിപുരം, ഗോവിന്ദാപുരം തുടങ്ങിയ ചെക്ക്‌പോസ്റ്റുകള്‍ക്ക് സമീപമുള്ള 18ഓളം ഊടുവഴികളിലൂടെയാണ് കള്ളക്കടത്ത് നടക്കുന്നത്. കൊവിഡ് വ്യാപനം ഉണ്ടായതു മുതല്‍ തമിഴ്‌നാട്ടില്‍ നിന്നും അരി കടത്ത് വ്യാപകമാണെന്ന് പരിസരവാസികള്‍ പറയുന്നു. 

തമിഴ്‌നാട്ടില്‍ റേഷന്‍കടകളില്‍ സൗജന്യമായി ലഭിക്കുന്ന അരിയാണ് അതിര്‍ത്തിയിലെത്തിച്ച് വിവിധ ജില്ലകളിലേക്ക് കയറ്റി അയക്കുന്നത്. കുറേ വര്‍ഷമായി ഇത് പ്രവര്‍ത്തിച്ചുവരുന്നുണ്ട്. തമിഴ്‌നാട്ടില്‍ കിലോ അഞ്ചു രൂപയ്ക്ക് വാങ്ങിക്കുന്ന അരി ഇവിടെ 17 രൂപയ്ക്ക് വാങ്ങി കേരളത്തിലെ റൈസ്മില്ലുകളിലും മേലാമുറിയിലെ അരികടകളിലും എത്തിക്കുകയാണ് ചെയ്യുന്നത്. ഇവിടെ പോളിഷ് ചെയ്ത് കളര്‍ ചേര്‍ത്ത് പുത്തന്‍ ബ്രാന്‍ഡുകളില്‍ വില്‍ക്കുന്നുമുണ്ട്.

പ്രധാന ചെക്ക് പോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയപ്പോള്‍ തമിഴ്‌നാട്ടിലെ പൊള്ളാച്ചിയില്‍ നിന്നും രാമപട്ടണം- താവളം- ഗോപാലപുരം റോഡാണ് പ്രധാനമാര്‍ഗം. ഈ റോഡിന്റെ ഒരുഭാഗം തമിഴ്‌നാടും മറുഭാഗം കേരളവുമാണ്. ഇതുവഴി വന്നാല്‍ അതിര്‍ത്തി ചെക്ക് പോസ്റ്റ് തൊടാതെ ഗോപാലപുരത്തെത്താം.

തെങ്ങിന്‍ തോപ്പുകള്‍ മാത്രമുള്ള ഈ പ്രദേശത്ത് ജനവാസം നന്നേ കുറവാണ്. അരി കടത്തുകാര്‍ക്കു വേണ്ടിയുള്ള റോഡാണിതെന്നാണ് ജനങ്ങളുടെ ആരോപണം. കൊഴിഞ്ഞാമ്പാറ, വണ്ണാമട, മൂലകട, ചിന്നമൂലത്തറ, ഗോപാലപുരം, ഒഴലപ്പതി, അത്തിക്കോട്. തത്തമംഗലം എ ന്നിവടങ്ങളിലെ പ്രമുഖരാണ് ഇതിനു പിന്നില്‍. ഇവര്‍ക്ക് ഉന്നതരുടെ ഒത്താശയുമുണ്ട്. അതിര്‍ത്തി വഴിയുള്ള വ്യാപക അരി കടത്ത് തടയാന്‍ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

ആര്‍എസ്എസ്സിന് സ്വാധീനമുള്ള ചില മേഖലകളിലേക്ക് പച്ചക്കറി കൊണ്ടുവരുന്ന വാഹനങ്ങളില്‍ ഹാന്‍സും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ കടത്തും നടക്കുന്നുണ്ട്. 

Similar News