മലപ്പുറം: കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് എന്ന ഉടുമ്പ് രാജേഷ് വേങ്ങര പോലിസിന്റെ പിടിയില്‍. വേങ്ങരയില്‍ വീടിന്റെ വാതില്‍ കുത്തി പൊളിച്ച് നാലര പവന്‍ സ്വര്‍ണാഭരണങ്ങളും 75000 രൂപ മോഷ്ടിച്ച കേസിലാണ് തിരുവനന്തപുരം വെങ്ങാനൂര്‍ സ്വദേശി വട്ടവള വീട്ടില്‍ രാജേഷ് (39) നെയാണ് വേങ്ങര ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
ഇക്കഴിഞ്ഞ ജണ്‍ 22ന് പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം മലപ്പുറം ഡിവൈഎസ്പി അബ്ദുള്‍ ബഷീറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് 16 ദിവസത്തോളം വേങ്ങര, കൂര്യാട് , കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, കരിങ്കല്ലത്താണി എന്നീ സ്ഥലങ്ങളിലും പരിസരങ്ങളിലുമുള്ള ഇരുനൂറോളം സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് പ്രതി ഉപയോഗിച്ച വാഹനം തിരിച്ചറിയുകയും തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ നിന്നാണ് പ്രതി രാജേഷിനെ തിരിച്ചറിഞ്ഞത്.
കൊല്ലം തിരുവന്തപുരം ജില്ലകളിലായി അമ്പതോളം മോഷണക്കേസുകളില്‍ പ്രതിയായ രാജേഷ് നിരവധി കേസുകളില്‍ ജയില്‍ശിക്ഷയനുഭവിച്ചിട്ടുണ്ട്. മോഷണം നടത്തിയതായി പ്രതിയെ പ്രാഥമികമായി ചോദ്യം ചെയ്തതില്‍ പോലിസിനോട് സമ്മതിച്ചിട്ടുണ്ട്. ജില്ലാ പോലിസ് മേധാവി എസ് സുജിത്ത് ദാസ് ഐപിഎസിന്റെ നേതൃത്വത്തില്‍ മലപ്പുറം ഡിവൈഎസ്പി അബ്ദുല്‍ ബഷീര്‍, ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് ഹനീഫ, എസ്‌ഐമാരായ എം ഗിരീഷ്, രാധാകൃഷ്ണന്‍, മുജീബ് റഹ്മാന്‍, സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ ആര്‍ ഷഹേഷ്, കെ കെ ജസീര്‍, സിറാജുദ്ദീന്‍ കെ, ദിനേഷ് ഇരുപ്പക്കണ്ടന്‍, സലിം പൂവത്തി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
