സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ഇന്ന് തുറക്കില്ല; തിയേറ്റര്‍ ഉടമകളുടെ യോഗം ഇന്ന്

Update: 2021-01-05 03:14 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമ തിയേറ്ററുകള്‍ ഇന്ന് തുറക്കില്ല. തുടര്‍നടപടികള്‍ ആലോചിക്കാന്‍ തിയറ്റര്‍ ഉടമകളുടെ സംയുക്ത സംഘടനയായ ഫിയോക്കിന്റെ യോഗം ഇന്ന് രാവിലെ പതിനൊന്നിന് കൊച്ചിയില്‍ ചേരും. വൈകിട്ട് നാലിന് വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.

ഫിയോക് യോഗത്തിന് പിന്നാലെ, ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍, സിനി എക്‌സിബിറ്റേവ്‌സ് അസോസിയേഷന്‍ എന്നിവരുമായും ചര്‍ച്ച നടത്തും. നേരത്തെ റിലീസ് ചെയ്ത സിനിമകളുടെ വിഹിതം കുടിശികയായതിനെ ചൊല്ലി തിയറ്ററുടമകളുമായി നിര്‍മാതാക്കള്‍ക്കും വിതരണക്കാര്‍ക്കുമുള്ള പ്രശ്‌നം പരിഹരിക്കാന്‍ നാളെ ഫിലിം ചേംബറിന്റെ നേതൃത്വത്തില്‍ സിനിമ സംഘടനകളും യോഗം ചേരും. വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവയില്‍ ഇളവുകള്‍ നല്‍കാതെ തിയറ്ററുകള്‍ തുറക്കുന്നത് നഷ്ടമാകുമെന്നാണ് ഉടമകള്‍ പറയുന്നത്. പകുതി കാണികളെ മാത്രമേ തിയറ്ററുകളില്‍ പ്രവേശിപ്പിക്കാവൂ എന്ന സര്‍ക്കാര്‍ നിലപാടും യോഗത്തില്‍ ചര്‍ച്ചയാകും. തുടര്‍ നടപടികളെക്കുറിച്ച് ആലോചിക്കാന്‍ നാളെ ഫിലിം ചേമ്പറും യോഗം ചേരുന്നുണ്ട്.

വിനോദ നികുതി, വൈദ്യുതി ഫിക്‌സഡ് ചാര്‍ജ് എന്നിവ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തിയറ്റര്‍ ഉടമകള്‍ നിരവധി തവണ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. എന്നാല്‍ സര്‍ക്കാരില്‍ നിന്നും അനുകൂല നിലപാട് ലഭിച്ചില്ല. ഇളവുകള്‍ നല്‍കാത്തതില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കെതിരെ ഫിലിം ചേംബര്‍ രംഗത്തെത്തിയിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം തിയറ്റര്‍ ഉടമകളുടെ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരുന്നെന്നും എന്നാല്‍ മുഖ്യമന്ത്രി വാക്ക് പാലിച്ചില്ലെന്നുമാണ് സംഘടന കുറ്റപ്പെടുത്തുന്നത്.