ടിവികെ പ്രസിഡന്റും നടനുമായ വിജയ്‌യുടെ വസതിയില്‍ അതിക്രമിച്ചു കയറിയ യുവാവ് ഒളിച്ചിരുന്നത് രണ്ടുദിവസം

Update: 2025-09-20 06:08 GMT

ചെന്നൈ: തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റും നടനുമായ വിജയ്‌യുടെ വസതിയില്‍ ഒളിച്ചിരുന്ന യുവാവിനെ പിടികൂടി പോലിസ്. പനയൂരിലെ വസതിയിലാണ് അരുണ്‍ (24) എന്നയാള്‍ അതിക്രമിച്ചു കയറി ഒളിച്ചിരുന്നത്. വൈ കാറ്റഗറി സുരക്ഷയുള്ളയാളാണ് വിജയ്. കൂടാതെ വീട്ടില്‍ സിസിടിവിയും ഉണ്ട്. സുരക്ഷാ ജീവനക്കാരുടെയെല്ലാം കണ്ണുവെട്ടിച്ച് പിന്‍ ഗേറ്റിലൂടെയാണ് അരുണ്‍ അകത്തുകടന്നതെന്നാണ് വിവരം.

ഇയാള്‍ രണ്ടുദിവസം ആരുമറിയാതെ വീടിന്റെ ടെറസില്‍ ഇരുന്നു. വിജയ് വ്യായാമം ചെയ്യാനെത്തിയപ്പോള്‍ നടനെ കെട്ടിപ്പിടിക്കുകയായിരുന്നുവെന്നും വിവരങ്ങളുണ്ട്. സുരക്ഷാ ജീവനക്കാര്‍ യുവാവിനെ പിടികൂടി നീലാങ്കരൈ പോലിസിന് കൈമാറി.യുവാവിന് മാനസിക പ്രശ്‌നങ്ങളുണ്ടെന്നും റിപോര്‍ട്ടുകളുണ്ട്. നിലവില്‍ യുവാവ് കില്‍പോക്കിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ ചികില്‍സയിലാണെന്നാണ് വിവരം.

ഇത്രയും വലിയ സുരക്ഷയുണ്ടായിട്ടും യുവാവ് എങ്ങനെ വീടിന്റെ ടെറസില്‍ അതിക്രമിച്ച് കയറി എന്നതിനെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. പ്രധാനമായും സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. സംഭവത്തെക്കുറിച്ച് വിജയ് ഇതുവരെ പരസ്യ പ്രസ്താവന നടത്തിയിട്ടില്ല. പ്രാഥമിക അന്വേഷണത്തില്‍ അരുണ്‍ ചെങ്കല്‍പേട്ട് ജില്ലയിലെ മധുരാന്തകം സ്വദേശിയാണ് അരുണ്‍.

Tags: