''ഉപയോഗിച്ച വാക്കുകള്‍ ശരിയായില്ല; പക്ഷേ, ശക്തമായ നടപടി അത്യാവശ്യം''; കര്‍ഷകരുടെ തല തല്ലിപ്പൊളിക്കാന്‍ ഉത്തരവിട്ട ഉദ്യോഗസ്ഥനെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി

Update: 2021-08-30 10:01 GMT

ഛണ്ഡീഗഢ്: ബിജെപി നേതാക്കള്‍ക്കെതിരേ പ്രതിഷേധിക്കുന്ന കര്‍ഷക സമരക്കാരുടെ തല തല്ലിപ്പൊളിക്കണമെന്ന് പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കുന്ന ഹരിയാന ജില്ലാ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹയുടെ നടപടിയെ ന്യായീകരിച്ച് ഹരിയാന മുഖ്യമന്ത്രി എം എല്‍ ഖട്ടാര്‍. ഉദ്യോഗസ്ഥന്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ലെന്നും എന്നാല്‍ ശക്തമായ നടപടികള്‍ ആവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. 

'' ഉദ്യോഗസ്ഥന്‍ ഉപയോഗിച്ച വാക്കുകള്‍ ശരിയായിരുന്നില്ലെങ്കിലും നിയമവും നിയന്ത്രണം പാലിക്കേണ്ടത് അത്യാവശ്യമായിരുന്നു''- വാര്‍ത്താസമ്മേളനത്തില്‍ ഖട്ടാര്‍ പറഞ്ഞു.

''ആരോപണമുയര്‍ന്ന ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കണമെങ്കില്‍ത്തന്നെ ജില്ലാ ഭരണകൂടത്തിന്റെ റിപോര്‍ട്ട് ആവശ്യമാണ്. ഡിജിപിയും ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. ക്രമസമാധാനം നിലനിര്‍ത്താന്‍ ശക്തമായ നടപടി ആവശ്യമാണ്''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

തല തല്ലിപ്പൊളിക്കാന്‍ നിര്‍ദേശിച്ച ഉദ്യോഗസ്ഥനെതിരേ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറും ബിജെപി മേധാവി ഓം പ്രകാശ് ധന്‍കറും മറ്റ് മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്ത യോഗം നടക്കുന്ന ഹോട്ടലിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്കു നേരെ നടത്തിയ പോലിസ് ലാത്തിച്ചാര്‍ജില്‍ പത്തോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. മാര്‍ച്ചിനിടയില്‍ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. 

പ്രതിഷേക്കാരെ ബാരിക്കേഡുകള്‍ മറികടക്കാന്‍ അനുവദിക്കരുതെന്നും അവരുടെ തല തല്ലിപ്പൊളിക്കണമെന്നും കര്‍ണാല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ആയുഷ് സിന്‍ഹ പോലിസുകാരോട് പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്.

''എല്ലാം ലളിതവും വ്യക്തവുമാണ്. ആരായാലും എവിടെനിന്നു വരുന്നവരായാലും ബാരിക്കേഡുകള്‍ മറികടക്കാന്‍ അനുവദിക്കരുത്. എന്തുവിധേനയും തടയണം. നിങ്ങളുടെ ലാത്തി എടുക്കുക മര്‍ദ്ദിക്കുക. അതിന് പ്രത്യേക നിര്‍ദേശമൊന്നും വേണ്ട. അവരെ കഠിനമായി മര്‍ദ്ദിക്കാം. എല്ലാ പ്രതിഷേധക്കാരുടെയും തല തല്ലിയൊടക്കണം സിന്‍ഹ പോലിസുകാര്‍ക്ക് നിര്‍ദേശം നല്‍കി. അവസാനം അദ്ദേഹം എന്തെങ്കിലും സംശയം ഉണ്ടോ എന്ന് ചോദിച്ചു. പോലിസുകാര്‍ ഇല്ല എന്ന് കൂട്ടത്തോടെ മറുപടിയും പറഞ്ഞു''.