ഉറുദു മീഡിയം അല്ലാത്ത സ്‌കൂളുകളുടെ പേരില്‍നിന്ന് 'ഉറുദു' എന്ന വാക്ക് എടുത്തുമാറ്റണം; ഉത്തരവുമായി ജാര്‍ഖണ്ഡ് വിദ്യാഭ്യാസവകുപ്പ്
റാഞ്ചി: ഉറുദു മീഡിയം സ്‌കൂളുകള്‍ മാത്രമേ സ്‌കൂളുകളുടെ പേരിനൊപ്പം ഉറുദു എന്ന് ചേര്‍ക്കാവൂ എന്ന് ജാര്‍ഖണ്ഡ് വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഉറുദു മീഡിയമല്ലാത്ത സ്‌കൂളുകളിലെ വാരാന്ത്യ അവധി ഞായറാഴ്ചയായും നിശ്ചയിച്ചു.
സംസ്ഥാനത്തെ ഏതാനും സ്‌കൂളുകള്‍ തങ്ങളുടെ സ്‌കൂളിന്റെ പേരിനൊപ്പം ഉറുദു സ്‌കൂള്‍ എന്നുചേര്‍ക്കുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പ് പറയുന്നത്. ഉത്തരവ് അനുസരിക്കാത്തവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഉത്തരവില്‍ പറയുന്നു.
വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
'ഉറുദു സ്‌കൂള്‍ ഒഴികെ, ഉറുദു എന്ന വാക്ക് ചേര്‍ത്തിട്ടുണ്ടെങ്കില്‍, ആ സ്‌കൂളിന്റെ പേരില്‍നിന്ന് ഉറുദു വാക്ക് ഉടനടി നീക്കം ചെയ്യണം. വിജ്ഞാപനം ചെയ്യപ്പെട്ട ഉറുദു സ്‌കൂളുകള്‍ ഒഴികെ വാരാന്ത്യ അവധികള്‍ ഞായറാഴ്ചകളില്‍ ക്രമീകരിക്കണം'-ഉത്തരവില്‍ പറയുന്നു.