പ്രഥമ 'കര്‍ഷക മിത്ര പുരസ്‌കാരം 2021' ജേതാക്കളെ പ്രഖ്യാപിച്ചു; അയൂബ് തോട്ടോളിക്കും എന്‍ ഷിംജിതിനും ഒന്നും രണ്ടും സ്ഥാനങ്ങള്‍

Update: 2021-11-11 11:37 GMT

കോഴിക്കോട്: നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോഓപ്പറേറ്റീവ് സപ്ലൈ & മാര്‍ക്കറ്റിംഗ് സൊസൈറ്റി ലിമിറ്റഡ് (എന്‍എംഡിസി) കേരളത്തിലെ കര്‍ഷകര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ 'കര്‍ഷക മിത്ര പുരസ്‌കാരം  2021' ജേതാക്കളെ പ്രഖ്യാപിച്ചു. വയനാട് വെള്ളമുണ്ട ആര്‍വാള്‍ സ്വദേശി അയൂബ് തോട്ടോളി ഒന്നാം സ്ഥാനത്തിന് അര്‍ഹനായി. രണ്ടാം സ്ഥാനം മികച്ച വൈവിധ്യമുള്ള കര്‍ഷകന്‍ കണ്ണൂര്‍ തില്ലങ്കേരി ജൈവകം വീട്ടില്‍ എന്‍ ഷിംജിതിനും മൂന്നാം സ്ഥാനം ജൈവരീതിയിലുടെ പല തരത്തിലുള്ള പച്ചക്കറികള്‍ കൃഷിചെയ്ത തൃശ്ശൂര്‍ ഗുരുവായൂര്‍, പാലുവായ് അരീക്കര വീട്ടില്‍ സുജാതാ സുകുമാരനും അര്‍ഹരായി.

കര്‍ഷകനും കൃഷിയും എന്ന വിഷയത്തെ ആസ്പദമാക്കി സ്വന്തം കൃഷിയിടത്തില്‍ നിന്ന് തയ്യാറാക്കിയ മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോ ചിത്രങ്ങള്‍ ആണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.

പഴയ തലമുറയുടെ കൃഷി രീതികള്‍ പുതുതലമുറയുടെ മനസ്സില്‍ പകുത്ത് നല്‍കുക, പുതുതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, നൂതനമായ കൃഷി രീതികളും അറിവുകളും പങ്കുവെക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മല്‍സരം സംഘടിപ്പിച്ചത്. 55 എന്‍ട്രികള്‍ ലഭിച്ചു. ഇതില്‍ 15 പേര്‍ വനിതാ കര്‍ഷകര്‍ ആണ്. അതില്‍ 92 വയസുള്ള വയനാട്ടിലെ പുല്‍പ്പള്ളി സ്വദേശി ചെറുതോട്ടില്‍ വര്‍ഗീസ്, കാസര്‍കോഡ് കുണ്ടുകുഴിയിലുള്ള പത്താം ക്ലാസ് വിദ്യാര്‍ത്ഥി ബി അഭിഷേകും ഉള്‍പ്പെടുന്നു.

വിദഗ്ധരടങ്ങുന്ന എന്‍എംഡിസിയുടെ അവാര്‍ഡ് കമ്മിറ്റി പരിശോധിച്ച് പരിഗണിച്ച 10 പേരില്‍ നിന്ന് പ്രത്യേക ജ്യൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്.

കേരളത്തിലെ അറിയപ്പെടുന്ന കാര്‍ഷിക വിദഗ്ധനായ എം കെ പി മാവിലായി, വയനാട് കൃഷി വിജ്ഞാന കേന്ദ്രം മേധാവിയും അസ്സോസിയേറ്റ് പ്രഫസറുമായ ഡോ. അലന്‍ തോമസ്, കാര്‍ഷിക മാധ്യമ പ്രവര്‍ത്തകന്‍ രാജിത്ത് വെള്ളമുണ്ട, എന്‍എംഡിസി ചെയര്‍മാന്‍ പി സൈനുദ്ദീന്‍ എന്നിവരടങ്ങുന്ന ജ്യൂറിയാണ് ജേതാക്കളെ നിശ്ചയിച്ചത്. ഒന്നാം സമ്മാനം 10,001 രൂപ, രണ്ടാം സമ്മാനം 5,001 രൂപ, മൂന്നാം സമ്മാനം 3,001 രൂപ, കൂടാതെ പ്രശസ്തി പത്രവും ഫലകവും നല്‍കും.

മികച്ച വനിതാ കര്‍ഷകയായി തിരഞ്ഞെടുത്ത തൃശ്ശൂര്‍ ജില്ലയിലെ ഗുരുവായൂര്‍ തൈക്കാട് സ്വദേശി കെ എസ് ഷീജക്ക് വനിതാ കര്‍ഷക പുരസ്‌കാരം നല്‍കും.

വയനാട് പുല്‍പള്ളി സ്വദേശി സി വി വര്‍ഗീസിന് ലംബകൃഷി മാതൃക കൃഷി പുരസ്‌കാരവും കുട്ടി കര്‍ഷക പുരസ്‌കാരം കാസര്‍കോഡ് ജില്ലയിലെ ബി അഭിഷേകിനും 92 വയസ്സിലും കപ്പ കൃഷി ചെയുന്ന വയനാട്ടിലെ ചെറുതോട്ടില്‍ വര്‍ഗീസിന് കര്‍ഷക കാരണവര്‍ പുരസ്‌കാരവും നല്‍കും.

ഇവര്‍ക്ക് 1001 രൂപ വീതം ക്യാഷ് അവാര്‍ഡും നല്‍കും. നവംബര്‍ 20ന് കോഴിക്കോട് ഇരിങ്ങല്‍ ക്രാഫ്റ്റ് വില്ലേജില്‍ സര്‍ഗ്ഗാലയില്‍ നടക്കുന്ന സംസ്ഥാനതല സഹകരണ വാരാഘോഷങ്ങളുടെ സമാപന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി അവാര്‍ഡ് ദാനം നിര്‍വ്വഹിക്കും.

എല്ലാ വര്‍ഷങ്ങളിലും ഈ അവാര്‍ഡ് ഏര്‍പ്പെടുത്തുമെന്ന് എന്‍എംഡിസി ചെയര്‍മാന്‍ പി സൈനുദ്ദീന്‍, വൈസ്‌ചെയര്‍മാന്‍ വി പി കുഞ്ഞികൃഷ്ണന്‍, ജനറല്‍ മാനേജര്‍ എം കെ വിപിന എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

Tags: