കൊറോണോ കാലത്തെ ജീവിതത്തില്‍ നിന്ന് ശരിയായ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടോ എന്ന് ജനങ്ങളോട് ഉപരാഷ്ട്രപതി

Update: 2020-07-12 12:42 GMT

ന്യൂഡല്‍ഹി: കൊറോണോ വൈറസ് അനിശ്ചിതത്വം സൃഷ്ടിച്ച കഴിഞ്ഞ കുറച്ചു മാസങ്ങളിലെ ജീവിതത്തെപ്പറ്റി ആത്മപരിശോധന നടത്താന്‍ രാജ്യത്തെ ജനങ്ങളോട് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു ആവശ്യപ്പെട്ടു. ഇക്കാലയളവില്‍ ശരിയായ പാഠങ്ങള്‍ പഠിച്ചിട്ടുണ്ടോ എന്നും ഭാവിയില്‍ ഉണ്ടാകാനിടയുള്ള അനിശ്ചിതത്വങ്ങളെ നേരിടാന്‍ തയ്യാറായിട്ടുണ്ടോ എന്ന് പരിശോധിക്കാനും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

കൊവിഡ് 19 മഹാമാരിയുടെ കാരണങ്ങളും അത് ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെയും പറ്റി ജനങ്ങളുമായി സംവദിക്കുന്നതിന്റെ ഭാഗമായി സമൂഹമാധ്യമം ആയ ഫേസ്ബുക്കില്‍ 'കൊറോണ കാലത്തെ ആത്മവിചിന്തനം' എന്ന പേരില്‍ അദ്ദേഹം ഒരു കുറിപ്പും പങ്കുവച്ചു. 10 ചോദ്യങ്ങള്‍ അടങ്ങിയ കുറിപ്പാണ് അദ്ദേഹം ഫേസ്ബുക്കില്‍ പങ്കുവച്ചത്. കഴിഞ്ഞ നാല് മാസം കൊണ്ട് നമ്മുടെ ജീവിതത്തില്‍ ഉണ്ടായ മാറ്റങ്ങളും ഇക്കാലയളവില്‍ നാം പഠിച്ച പാഠങ്ങളും മനസ്സിലാക്കുന്നതിന് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ സഹായിക്കും. 10 ചോദ്യങ്ങള്‍ അടങ്ങിയ ഈ കുറിപ്പ് ഇത്തരത്തിലുള്ള അത്യാഹിതങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കുന്നത് തടയുന്നതിനാവശ്യമായ ജ്ഞാനം ജനങ്ങള്‍ നേടിയിട്ടുണ്ടോ എന്ന് മനസ്സിലാക്കാന്‍ ഉപകരിക്കുമെന്നും നായിഡു അഭിപ്രായപ്പെട്ടു.

ഈ മഹാമാരിയെ ഒരു അത്യാഹിതം ആയി മാത്രമല്ല മറിച്ച് നമ്മുടെ ജീവിതവീക്ഷണങ്ങളിലും നടപടിക്രമങ്ങളും ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ സഹായിക്കുന്ന ഒരു ഗുണദോഷകനായും കാണേണ്ടതുണ്ടെന്ന് ഉപരാഷ്ട്രപതി പ്രത്യേകം ഓര്‍മിപ്പിച്ചു. നമ്മുടെ സംസ്‌കാരത്തോടും പ്രകൃതിയോടും ആദര്‍ശങ്ങളോടും മാര്‍ഗനിര്‍ദേശങ്ങളും ചേര്‍ന്ന് പൊരുത്തത്തോടെ ജീവിക്കാനും അപ്പോള്‍ നമുക്ക് സാധിക്കും.

ആശങ്കാരഹിതമായ ഒരു ജീവിതത്തിനുള്ള ചില നിര്‍ദേശങ്ങളും നായിഡു പങ്കുവച്ചു. ആരോഗ്യപരമായ ഒരു ജീവിതം ഉറപ്പാക്കുന്ന ഔഷധമായി ഭക്ഷണത്തെ കാണുക; ലൗകിക ഇച്ഛകള്‍ക്കപ്പുറം ജീവിതത്തിന് ഒരു ആത്മീയതലം കണ്ടെത്തുക, ശരിതെറ്റുകളുടെ പ്രമാണങ്ങള്‍ക്കും നടപടികള്‍ക്കും ഒത്തുചേര്‍ന്നു പോവുക, മറ്റുള്ളവരെ പരിഗണിക്കുക അവരുമായി എല്ലാം പങ്കുവയ്ക്കുക, ഒരു സാമൂഹിക ബന്ധം വളര്‍ത്തിയെടുക്കുക, അര്‍ത്ഥപൂര്‍ണ്ണമായ ഒരു ജീവിതത്തിനായി നമ്മുടെ ജീവിതചര്യകളില്‍ മാറ്റം വരുത്തുക തുടങ്ങിയ നിര്‍ദേശങ്ങളാണ് അദ്ദേഹം പങ്കുവെച്ചത്. 

Tags:    

Similar News