പ്രായപൂര്‍ത്തിയായ 50 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കി; ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ്
ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയായ 50 ശതമാനം പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കിയതില്‍ ഇന്ത്യയെ അഭിനന്ദിച്ച് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥന്‍. 620 ദശലക്ഷം പേര്‍ക്കാണ് ഇന്ത്യയില്‍ ഇതുവരെ വാക്‌സിന്‍ നല്‍കിയത്.
പ്രായപൂര്‍ത്തിയായ 50 ശതമാനം വരുന്ന 620 ദശലക്ഷം പേര്‍ക്കും ഇന്ത്യ ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിനെങ്കിലും നല്‍കിക്കഴിഞ്ഞു. അതിനുവേണ്ടി പരിശ്രമിച്ച ആയിരങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍. വാക്‌സിന്‍, പൊതുജനാരോഗ്യ സംവിധാനം, പ്രതിരോധ പദ്ധതികള്‍ തുടങ്ങിയവ നമ്മെ സംരക്ഷിക്കും- സ്വാമിനാഥന്‍ ട്വീറ്റ് ചെയ്തു.
വെള്ളിയാഴ്ച മാത്രം രാജ്യത്ത് 10 ദശലക്ഷം പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. ഇത്രയും പേര്‍ക്ക് ഒരു ദിവസം കൊണ്ട് വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞതിനെ പ്രധാനമന്ത്രി നരേന്ദ്രമോദി ചരിത്രപരമെന്നാണ് വിശേഷിപ്പിച്ചത്.
''ഇന്ന് വാക്‌സിനേഷനില്‍ റെക്കോഡിട്ടു. ഒരു കോടി പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും നല്‍കാന്‍ പരിശ്രമിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍''-പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മൈക്രോസോഫ്റ്റ് ചെയര്‍മാന്‍ ബില്‍ ഗേറ്റ്‌സും അഭിനന്ദനങ്ങളുമായി രംഗത്തുവന്നു.
ഇന്ന് ഇന്ത്യയില്‍ 46,759 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 509 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 3.26 കോടിയായി. ആകെ മരണം 4.37 ലക്ഷം.
