താലിബാന്‍ സര്‍ക്കാരിനെ യുഎസ് ഉടന്‍ അംഗീകരിച്ചേക്കില്ല

Update: 2021-09-09 03:45 GMT

വാഷിങ്ടണ്‍: കഴിഞ്ഞ ദിവസം സ്ഥാനമേറ്റ താലിബാന്‍ ഇടക്കാല സര്‍ക്കാരിന് യുഎസ് പെട്ടെന്ന് ഔദ്യോഗിക അംഗീകാരം നല്‍കാനിടയില്ല. അതേസമയം അഫ്ഗാനില്‍ തുടരുന്ന യുഎസ് പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനെക്കുറിച്ച് താലിബാനുമായുള്ള ചര്‍ച്ച തുടരുമെന്നും സൂചനയുണ്ട്. വൈറ്റ് ഹൗസ് വൃത്തങ്ങളാണ് ഇതുസംബന്ധിച്ച സൂചന പുറത്തുവിട്ടത്.

താലിബാന്‍ ആഗോള തലത്തില്‍ മൂല്യവത്തായ വിഭാഗമാണെന്ന് അമേരിക്കന്‍ പ്രസിന്റോ, ദേശീയ സുരക്ഷാ വിഭാഗമോ മറ്റേതെങ്കിലും വിഭാഗമോ പറഞ്ഞിട്ടില്ല. താലിബാന്‍ അവരുടെ മൂല്യം സ്വയം പ്രദര്‍ശിപ്പിച്ചിട്ടില്ല. ഉണ്ടെങ്കില്‍ അത് കാണാനുമായിട്ടില്ല. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ പ്‌സ്‌കി പുറത്തുവിട്ട വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

''താലിബാനെ ഉടന്‍ അംഗീകരിച്ചേക്കുമെന്ന സൂചന ഞങ്ങളിതുവരെ നല്‍കിയിട്ടില്ല. അത് പെട്ടെന്ന് സംഭവിക്കാനും പോകുന്നില്ല. അതിന് മുമ്പ് അവര്‍ ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. ഞങ്ങള്‍ അവരുമായി ഇടപെടാന്‍ ഉദ്ദേശിക്കുന്നുണ്ട്, കാരണം അഫ്ഗാന്‍ ഭരിക്കാന്‍ പോകുന്നത് താലിബാനാണ്. അവിടെയുള്ള അമേരിക്കന്‍ പൗരന്മാരെയും അമേരിക്കയിലേക്ക് പോരുന്നതിനുവേണ്ടി വിസ ലഭിച്ചവരെയും അഫ്ഗാനില്‍ നിന്ന് പുറത്തെത്തിക്കണം''- അവര്‍ പറഞ്ഞു. 

''ഇപ്പോള്‍ അവരുടെ ആഭ്യന്തര മന്ത്രി ഹക്കാനി നെറ്റ് വര്‍ക്കില്‍ ഉള്‍പ്പെട്ട ഭീകരനാണ്. അയാളാണ് ആറ് പേരെ ബോംബിട്ട് കൊന്നത്. അതില്‍ ഒരാള്‍ അമേരിക്കക്കാനായിരുന്നു. അമേരിക്കന്‍ സൈന്യത്തിനെതിരേ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയതും അയാളാണ്. യുഎസ് അയാളുടെ തലക്ക് 10 ദശലക്ഷം യുഎസ് ഡോളര്‍ വിലിയിട്ടിട്ടുണ്ട്. ഞങ്ങളെന്തിന് അവരുമായി ചര്‍ച്ച നടത്തണം''- അവര്‍ ചോദിച്ചു.

കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച മന്ത്രിസഭയില്‍ സിറാജുദ്ദീന്‍ ഹക്കാനിയാണ് ആഭ്യന്തര മന്ത്രി.