ഇന്ത്യന്‍ ഐടി പ്രഫഷനുകള്‍ക്ക് തിരിച്ചടി; തൊഴിലില്ലായ്മ വര്‍ധിച്ച സാഹചര്യത്തില്‍ യുഎസ്സ് എച്ച് 1 ബി വിസ റദ്ദാക്കിയേക്കും
വാഷിങ്ടണ്‍: രാജ്യത്ത് തൊഴിലില്ലായ്മ വര്‍ധിച്ച സാഹചര്യത്തില്‍ അമേരിക്ക എച്ച് 1 ബി വിസ റദ്ദാക്കിയേക്കുമെന്ന് റിപോര്‍ട്ട്. കൊവിഡ് 19 പടര്‍ന്നുപടിച്ച സാഹചര്യത്തില്‍ തൊഴിലില്ലായ്മ കനത്ത തോതില്‍ വളര്‍ന്നതോടെയാണ് ട്രംപ് ഭരണകൂടം കടുത്ത നടപടിയിലേക്ക് നീങ്ങുന്നത്.
സസ്‌പെന്‍ഷന്‍ ഉത്തരവ് അമേരിക്കയിലെ സാമ്പത്തിക വര്‍ഷം ആരംഭിക്കുന്ന ഒക്ടോബര്‍ 1 വരെ നീണ്ടേക്കുമെന്നാണ് വാള്‍സ്ട്രീറ്റ് ജെര്‍ണല്‍ പ്രവചിക്കുന്നത്. ഈ സമയത്താണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ എച്ച് 1 ബി വിസ നല്‍കുന്നത്. ഐടി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ക്ക് നല്‍കുന്ന വിസയാണ് എച്ച് 1 ബി. അമേരിക്കയില്‍ എച്ച് 1 ബി വിസയില്‍ ജോലി ചെയ്യുന്നവരില്‍ ഏറെ മുന്നിലാണ് ഇന്ത്യ.
നിലവില്‍ ജോലി ചെയ്യുന്നവരെ പുതിയ തീരുമാനം ബാധിക്കുകയില്ലെന്നാണ് കരുതുന്നത്. പുതുതായി ജോലിയില്‍ പ്രവേശിക്കുന്നവരെയാണ് തീരുമാനം ബാധിക്കുകയെന്ന് ദി ഡെയ്‌ലി റിപോര്‍ട്ട് ചെയ്തു.
ഇതാണെങ്കിലും ഇന്ത്യന്‍ തൊഴില്‍ മേഖലയെ വലിയ തോതില്‍ ബാധിക്കാന്‍ പോകുന്ന തീരുമാനമായിരിക്കും ഇത്. ഇപ്പോള്‍ തന്നെ നിരവധി എച്ച് 1 ബി വിസയുള്ളവര്‍ കൊവിഡ് ബാധയെ തുടര്‍ന്ന് രാജ്യം വിട്ടിട്ടുണ്ട്. ഇവരെ പുതിയ നിയമം ബാധിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.
എച്ച് 1 ബി വിസ റദ്ദാക്കുന്ന കാര്യത്തില്‍ അവസാന തീരുമാനമായിട്ടില്ലെന്ന് വൈറ്റ് ഹൗസ് വക്താവ് ഹൊഗന്‍ ഗിഡ്‌ലി അറിയിച്ചു. ഇക്കാര്യത്തില്‍ മറ്റെന്തെങ്കിലും നടപടി സാധ്യമാണോ എന്ന കാര്യം പരിശോധിക്കും.
അമേരിക്കന്‍ തൊഴിലാളികളെയും തൊഴിലന്വേഷകരെയും ബാധിക്കാത്ത പോലെ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്നതു സംബന്ധിച്ച് സാധ്യമായ എല്ലാ പരിഹാരവും പരിഗണനയിലുണ്ടെന്ന് ഗിഡ്‌ലി പ്രസ്താവനയില്‍ പറഞ്ഞു.
പുതിയ തീരുമാനം ടെക്‌നോളജി കമ്പനികള്‍ നല്‍കുന്ന എച്ച് 1 ബി വിസയ്ക്കു മാത്രമല്ല, സീസണല്‍ ജോലിക്കാര്‍ക്കു നല്‍കുന്ന ഹ്രസ്വകാല വിസയായ എച്ച് 2 ബി, ജെ 1 വിസക്കാര്‍ക്കും എല്‍ 1 വിസക്കാര്‍ക്കും ബാധകമായിരിക്കും.
അതേസമയം, യു എസ് ചേമ്പര്‍ ഓഫ് കോമേഴ്‌സ് സിഇഒ തോമസ് ഡൊനൊഹു ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. നിലവില്‍ ട്രംപ് ഭരണകൂടം റദ്ദാക്കിയ വിസയില്‍ പലതും ടെക്‌നോളജി കമ്പനികള്‍ക്ക് വളരെ അത്യാവശ്യമായ തസ്തികകളാണ്. ഹ്രസ്വകാലത്തേക്കെത്തുന്ന ഇത്തരം വിദഗ്ധരെ ഒഴിവാക്കി കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാനാവില്ല.

