അലര്‍ജിയുളളവര്‍ ഫൈസര്‍ബയോണ്‍ടെക് കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കരുതെന്ന് ബ്രിട്ടന്‍

മൂന്നുഘട്ട പരീക്ഷണങ്ങളിലും മുമ്പ് അലര്‍ജിയുണ്ടായിട്ടുളളവരെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ഫൈസര്‍ അധികൃതര്‍ പറഞ്ഞു.

Update: 2020-12-10 04:40 GMT

ലണ്ടന്‍: അലര്‍ജിയുള്ളവര്‍ ഫൈസര്‍ബയോണ്‍ടെക്ക് തയ്യാറാക്കിയ കോവിഡ് 19 പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കുന്നത് അപകടമുണ്ടാക്കുമെന്ന് ബ്രിട്ടണില്‍ നിന്നുള്ള റിപോര്‍ട്ട്. ആദ്യദിവസം വാക്‌സിന്‍ സ്വീകരിച്ച രണ്ടുപേര്‍ക്ക് കുത്തിവെപ്പിനെ തുടര്‍ന്ന് പ്രതികൂലഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് അറിയിച്ചു.


'വാക്‌സിന്‍ സ്വീകരിച്ച രണ്ട് പേര്‍ക്ക് പ്രതികൂലഫലങ്ങളാണ് കാണിച്ചത്. ഇവരെ കൂടുതലായി പരിശോധിച്ചപ്പോഴാണ് അലര്‍ജിയുള്ളവരാണെന്ന് അറിഞ്ഞത്. വാക്‌സിന്‍ നല്‍കിയതോടെ ഇവര്‍ക്ക് അനഫൈലക്ടോയിഡ് റിയാക്ഷന്‍ ഉണ്ടായി. ' സ്റ്റീഫന്‍ പോവിസ് പറഞ്ഞു. മുമ്പ് അലര്‍ജി റിപ്പോര്‍ട്ട് ചെയ്തിട്ടുളളവര്‍ വാക്‌സിന്‍ സ്വീകരിക്കരുതെന്ന് ഇതോടെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.


അതിനിടെ, മൂന്നുഘട്ട പരീക്ഷണങ്ങളിലും മുമ്പ് അലര്‍ജിയുണ്ടായിട്ടുളളവരെ ഉള്‍പ്പെടുത്തിയിരുന്നില്ലെന്ന് ഫൈസര്‍ അധികൃതര്‍ പറഞ്ഞു. ഫൈസറിന്റെ കോവിഡ് പ്രതിരോധ വാക്‌സിന് ആദ്യ അംഗീകാരംനല്‍കിയത് ദ മെഡിസിന്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഡക്ട്‌സ് റെഗുലേറ്ററി ഏജന്‍സിയാണ്. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഫൈസറും ബയോണ്‍ടെക്കും എംഎച്ചആര്‍എയുടെ അന്വേഷണത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.




Tags: