മുത്തലാഖ് നിയമം നിലവില്‍ വന്നതോടെ കേസുകളുടെ എണ്ണം 80 ശതമാനം കുറഞ്ഞതായി കേന്ദ്ര ന്യൂനപക്ഷ മന്ത്രി

Update: 2021-08-01 10:29 GMT

ന്യൂഡല്‍ഹി: മുത്തലാഖ് നിയമം നിലവില്‍ വന്നതോടെ മുത്തലാഖ് മൂലമുള്ള വിവാഹമോചനങ്ങളുടെ എണ്ണം 80 ശതമാനം കുറഞ്ഞതായി കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്‌വി. മുത്തലാഖ് നിയമം നിലവില്‍ വന്നതിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച്് ന്യൂഡല്‍ഹിയില്‍ നടന്ന സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

''പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിന്റെ വാഗ്ദാനങ്ങള്‍ പാലിക്കുന്നുണ്ട്. രാമക്ഷേത്രം അയോധ്യയില്‍ നിര്‍മിക്കുന്നു. അനുച്ഛേദം 370 പ്രകാരം കശ്മീരിനു ലഭിച്ചിരുന്ന പ്രത്യേക അവകാശങ്ങള്‍ എടുത്തുകളഞ്ഞു. വിവാഹം നിഷിദ്ധമായ രക്തബന്ധു കൂടെയില്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജ് ചെയയാന്‍ പാടില്ലെന്ന നിലയം എടുത്തുകളഞ്ഞു''- നഖ്‌വി പറഞ്ഞു. 3,500 മുസ് ലിം സ്ത്രീകളാണ് മഹ്‌റം ഇല്ലാതെ ഹജ്ജ് ചെയ്തതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

മുസ് ലിം സ്ത്രീ(വിവാഹ അവകാശ സംരക്ഷണ)നിയമം 2019 നിയമം നിലവില്‍ വന്നതോടെ രാജ്യത്തെ മുത്തലാഖ് കേസുകള്‍ 80 ശതമാനം കുറഞ്ഞിട്ടുണ്ട്. യുപിയില്‍ നിയമത്തിനു മുമ്പ് 63,000 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിരുന്നു. നിയമം നിലവില്‍ വന്നശേഷം കേസുകള്‍ 221 ആയി കുറഞ്ഞു. ബീഹാറില്‍ 49 കേസാണ് രജിസ്റ്റ് ചെയ്തത്- മന്ത്രി കൂട്ടിച്ചേര്‍ത്തു.

സമ്മേളനത്തില്‍ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി, ഭൂപേന്ദ്ര യാദവ് എന്നിവര്‍ പങ്കെടുത്തു. മുസ് ലിം സ്ത്രീകളുടെ പോരാട്ടത്തെ അഭിവാദ്യം ചെയ്യുന്നതായി സ്മൃതി പറഞ്ഞു.

ന്യൂനപക്ഷക്ഷേമ മന്ത്രാലയത്തിന്റെ മുസ് ലിംസ്ത്രീ പക്ഷപ്രവര്‍ത്തനങ്ങളെ മന്ത്രി അഭിനന്ദിച്ചു.

ആഗസ്റ്റ് ഒന്നിന് ന്യൂനപക്ഷമന്ത്രാലയം മുസ് ലിം വനിതാദിനമായി ആചരിക്കുകയാണ്. 

Tags: