കേന്ദ്ര സര്‍ക്കാര്‍ ഒരു സംസ്ഥാനങ്ങളോടും കൊവിഡ് ബാധിതരുടെ എണ്ണമോ മരണ നിരക്കോ കുറച്ചുകാണിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് ആരോഗ്യമന്ത്രി

Update: 2021-07-20 14:52 GMT

ന്യൂഡല്‍ഹി: കൊവിഡ് മരണനിരക്കോ കൊവിഡ് കേസുകളുടെ എണ്ണമോ കുറച്ചുകാണിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരു സംസ്ഥാനത്തോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാന്‍ഡവ്യ. പ്രതിസന്ധികളെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് പ്രതിപക്ഷമെന്നും മന്ത്രി കുറ്റപ്പെടുത്തി. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തെക്കുറിച്ച് രാജ്യസഭയില്‍ വിശദീകരണം നല്‍കുന്നതിന്റെ ഭാഗമായാണ് മന്ത്രിയുടെ പ്രതികരണം.

നരേന്ദ്രമോദിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ രാജ്യത്തെ കൊവിഡ് മൂന്നാം തരംഗത്തില്‍ നിന്ന് രക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് മരണനിരക്കും കൊവിഡ് കേസുകളും കേന്ദ്ര സര്‍ക്കാര്‍ മറച്ചുവച്ചുവെന്ന പ്രതിപക്ഷ ആരോപണത്തിനോട് പ്രതികരിക്കുകയായിരുന്നു ആരോഗ്യമന്ത്രി.

സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ അതേ പടി ക്രാഡീകരിച്ച് പ്രസിദ്ധീകരിക്കുകയാണ് ചെയ്യുന്നത്. ആരോടും എണ്ണം കുറച്ചുകാണിക്കാന്‍ പറഞ്ഞിട്ടില്ല. അതിന്റെ ആവശ്യവുമില്ല. മുഖ്യമന്ത്രിമാരുടെ യോഗത്തിലും പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞിരുന്നു- മന്‍സുഖ് മാന്‍ഡവ്യ പറഞ്ഞു.

ഇന്ത്യന്‍ ശാസ്ത്രജ്ഞരിലും കൊവിഡ് വാക്‌സിന്‍ ഉല്‍പ്പാദകരിലും വിശ്വാസമര്‍പ്പിച്ച് അനാവശ്യ ചോദ്യങ്ങള്‍ ഉയര്‍ത്തരുതെന്ന് ജനങ്ങളോടും നേതാക്കളോടും മന്ത്രി ആവശ്യപ്പെട്ടു.

മൂന്നാം തരംഗത്തിലേക്ക് രാജ്യം കടക്കരുതെന്ന് സംസ്ഥാനങ്ങള്‍ കൂട്ടമായി തീരുമാനിക്കണമെന്ന് അദ്ദേഹം സംസ്ഥാന നേതൃത്വങ്ങളോട് അഭ്യര്‍ത്ഥിച്ചു.