നാര്‍ക്കോട്ടിക് ജിഹാദ് ആരോപണം; പാലാ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് സിറോ മലബാര്‍ സഭ

കുറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു

Update: 2021-09-22 18:02 GMT

കൊച്ചി: നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടിന് പിന്തുണ പ്രഖ്യാപിച്ച് സിറോ മലബാര്‍ സഭയുടെ വാര്‍ത്താ കുറിപ്പ്. ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമാണ്. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്നുവെന്നും സിറോ മലബാര്‍ സഭ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ പറഞ്ഞു. കുറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.


സഭാ വിശ്വാസികള്‍ക്കുള്ള പ്രസംഗമായിരുന്നു പാലാ ബിഷപ്പ് നടത്തിയത് എന്നാല്‍ എളുപ്പം വിറ്റഴിയുന്ന മതസ്പര്‍ദ്ധ വര്‍ഗീയത ലേബലുകള്‍ മാര്‍ കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിന് നല്‍കിയെന്നും സിറോ മലബാര്‍ സഭ ന്യായീകരിക്കുന്നു. ചില രാഷ്ട്രീയ നേതാക്കളാണ് പ്രസംഗത്തെ രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിച്ചതെന്നും സിറോ മലബാര്‍ സഭ കുറ്റപ്പെടുത്തുന്നുണ്ട്.


'നാര്‍ക്കോ ജിഹാദ്' എന്ന വാക്ക്, അഫ്ഗാനിസ്ഥാനില്‍ നടത്തുന്ന മയക്കുമരുന്നു കച്ചവടവുമായി ബന്ധെപ്പടുത്തി യൂറോപ്യന്‍ ഫൗണ്ടേഷന്‍ ഫോര്‍ സൗത്ത് ഏഷ്യന്‍ സ്റ്റഡീസിന്റെ 2017ലെ ഒരു പ്രബന്ധത്തില്‍ ഉപയോഗിച്ചിട്ടുള്ളതാണ് എന്ന ന്യായീകരണവും വാര്‍ത്താ കുറിപ്പിലുണ്ട്. അഫ്ഗാനിസ്ഥാനില്‍ നിന്ന് കയറ്റിവിട്ട 21,000 കോടി വിലവരുന്ന 3000 കിലോ മയക്കുമരുന്നു ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്നു ഏതാനും ദിവസങ്ങള്‍ക്കു മുന്‍പു പിടിച്ചെടുത്തു. കേരളസമൂഹത്തിലും അപകടകരമായ ഈ 'മരണവ്യാപാരം' നടക്കുന്നുണ്ട്. ഇതിനെതിരെയാണ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് മുന്നറിയിപ്പു നല്‍കിയത് എന്നാണ് സഭ പുറത്തിറക്കിയ വിശദീകരണ കുറിപ്പിലുള്ളത്.


മാര്‍ ജോസഫ് കല്ലറങ്ങാട്ട് കുറവിലങ്ങാട് ഇടവകപള്ളിയില്‍ നടത്തിയ പ്രസംഗം മതസ്പര്‍ധ വളര്‍ത്തിയെന്നു ആരോപിച്ചുകൊണ്ട് ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ബോധപൂര്‍വകമായ പ്രചരണം നടത്തുന്നവര്‍ അതില്‍നിന്നു പിന്മാറണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായും സിറോ മബാര്‍ സഭ പറയുന്നു.


കേരളത്തിന്റെ മതസൗഹാര്‍ദവും സാമുദായിക ഐക്യവും കാത്തുസൂക്ഷിക്കാനും പരിപോഷിപ്പിക്കാനും സീറോമലബാര്‍സഭ എന്നും പ്രതിജ്ഞാബദ്ധമാണ്. വര്‍ഗീയതയോ മതസ്പര്‍ധയോ വളര്‍ത്തുന്ന യാതൊരു നിലപാടും സഭ നാളിതുവരെ സ്വീകരിച്ചിട്ടില്ല.അതിനാല്‍ മതവിദ്വേഷവും സാമുദായിക സ്പര്‍ദ്ധയും വളര്‍ത്തുന്ന പ്രചരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടുനില്ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. എന്നും വാര്‍ത്താ കുറിപ്പിലുണ്ട്.


സീറോമലബാര്‍സഭയുടെ പബ്ലിക് അഫയേഴ്‌സ് കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ മീറ്റിങിലാണ് സീറോമലബാര്‍ സഭയുടെ നിലപാട് വ്യക്തമാക്കിയത്. ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍, മാര്‍ ജോസ് പുളിയ്ക്കല്‍, മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, മാര്‍ തോമസ് തറയില്‍ തുടങ്ങിയവരാണ് യോഗത്തില്‍ പങ്കെടുത്തത്.







Tags: