സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

Update: 2021-02-10 13:59 GMT

തിരുവനന്തപുരം: സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. ആരോഗ്യമന്ത്രിയുമായി ഡോക്ടര്‍മാരുടെ സംഘടന നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് സമരം പിന്‍വലിക്കാന്‍ ധാരണയായത്. ശമ്പള കുടിശിക നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്.

2017 ജൂലൈ മുതലുള്ള ശമ്പള കുടിശിക നല്‍കാന്‍ ധനവകുപ്പിനോട് ശിപാര്‍ശ ചെയ്യാമെന്ന് മന്ത്രി സമ്മതിച്ചു. രണ്ടാഴ്ചയ്ക്കകം ഇക്കാര്യത്തില്‍ നടപടിയുണ്ടാക്കുമെന്നാണ് ചര്‍ച്ചയിലെ ധാരണ. കൊവിഡ് മുന്നണിപ്പോരാളികളായ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ക്കെതിരെയുള്ള കടുത്ത അവഗണന സര്‍ക്കാര്‍ തുടരുകയാണെന്ന് സംഘടനകള്‍ ആരോപിച്ചിരുന്നു. അലവന്‍സ് പരിഷ്‌കരണത്തോടെ ശമ്പളക്കുടിശ്ശിക എന്ന് നല്‍കുമെന്ന് പോലും സര്‍ക്കാര്‍ അറിയിച്ചിട്ടില്ലെന്നും സംഘടനകള്‍ പറഞ്ഞിരുന്നു.

അതേസമയം ഡോക്ടര്‍മാരുടെ സമരം തുടര്‍ന്നാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സ്വകാര്യ പ്രാക്ടീസിന് ഉള്‍പ്പടെ കര്‍ശന നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്നും മുന്നറിയിപ്പുണ്ടായിരുന്നു. പിന്നാലെയാണ് ആരോഗ്യമന്ത്രിയുടെ ചര്‍ച്ചയില്‍ സമരം അവസാനിപ്പിക്കാന്‍ ധാരണയായത്.