ഡിജിറ്റല്‍ സാധ്യതകള്‍ ഉപയോഗിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉന്നതവിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും പരിഷ്‌കരിക്കുന്നു

Update: 2021-09-09 02:10 GMT

കണ്ണൂര്‍: ഡിജിറ്റല്‍ വിദ്യാഭ്യാസത്തിന്റെ സാധ്യതകള്‍ ഉപയോഗിക്കുന്നതിന് അനുസരിച്ച് ഉന്നതവിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും പരിഷ്‌ക്കരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസസാമൂഹ്യനീതി മന്ത്രി ഡോ. ആര്‍ ബിന്ദു പറഞ്ഞു. സ്ത്രീസൗഹൃദപരവും ഭിന്നശേഷി സൗഹൃദപരവുമായി എല്ലാ കാമ്പസുകളെയും മാറ്റും. ആറ്റിങ്ങല്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ നാല് ബ്‌ളോക്കുകളും സൗരോര്‍ജ്ജ പ്ലാന്റും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കണ്ണൂര്‍ കൃഷ്ണമേനോന്‍ സ്മാരക വനിതാകോളേജിലെ ഇന്‍ഡോര്‍ സ്‌റ്റേഡിയം ഉദ്ഘാടനവും മന്ത്രി ഇതോടൊപ്പം ഓണ്‍ലൈനായി നിര്‍വഹിച്ചു. 

വിവരവിസ്‌ഫോടനത്തിന്റെ യുഗത്തെക്കുറിച്ച് സ്വപ്നംകാണാന്‍ പോലും കഴിയാതിരുന്ന കാലത്തേതാണ് നമ്മുടെ ഉന്നതവിദ്യാഭ്യാസ ചട്ടങ്ങളും നിയമങ്ങളും. ഇവയുടെ അലകും പിടിയും മാറും വിധത്തിലുള്ള പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഉന്നതവിദ്യാഭ്യാസരംഗത്തിന്റെ മുഖച്ഛായ മാറ്റുന്നതിന്റെ തുടക്കമായി അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡിജിറ്റലായും നേരിട്ടുമുള്ള പഠനരീതികള്‍ സമന്വയിക്കുന്ന ബ്ലെന്‍ഡഡ് രീതിയിലേക്ക് കലാലയങ്ങള്‍ മാറാന്‍ പോവുകയാണ്. എല്ലാ കലാലയങ്ങളിലും ഓണ്‍ലൈന്‍ പഠനസമ്പ്രദായംകൂടി ക്രമീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലാലയങ്ങള്‍ അതിനു സജ്ജീകരണങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

Tags: