സോഷ്യല്‍ ഫോറം 'വിന്റര്‍ ഫെസ്റ്റ് 2020' ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു
ജുബൈല്‍: 'കൊവിഡിന്റെ ആലസ്യത്തില്‍ നിന്നും ഉണര്‍വിന്റെ മൈതാനത്തേക്ക്' എന്ന സന്ദേശവുമായി ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി നടത്തിവരുന്ന വിന്റര്‍ ഫെസ്റ്റ് 2020ന്റെ ഭാഗമായി ജുബൈല്‍ ബ്ലോക്ക് കമ്മിറ്റി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചു. വിവിധ ബ്രാഞ്ചുകളില്‍ നിന്നും തിരഞ്ഞെടുക്കപെട്ട കളിക്കാരെ അണിനിരത്തിയാണു മത്സരങ്ങള്‍ അരങ്ങേറിയത്.
ഖാലിദിയ, ജബല്‍, അറൈഫി, പോര്‍ട്ട്, ഫനാതീര്‍, സിറ്റി എന്നീ 6 ടീമുകളാണു മാറ്റുരച്ചത്. ഇന്ത്യന്‍ സോഷ്യല്‍ ഫോറം ജുബൈല്‍ ബ്ലോക്ക് ജനറല്‍ സെക്രട്ടറി സയീദ് ആലപ്പുഴ പരിപാടി ഉദ്ഘാടനം ചെയ്തു. അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവില്‍ അറൈഫി, ഫനാതീര്‍ ബ്രാഞ്ചുകള്‍ ഫൈനല്‍ മത്സരങ്ങളിലേക്ക് യോഗ്യത നേടുകയും ഫൈനല്‍ മത്സരത്തില്‍ ഫനാതീര്‍ ബ്രാഞ്ച് ജേതാക്കളാവുകയും ചെയ്തു.
വിജയികള്‍ക്കുള്ള വിന്നേഴ്‌സ് ട്രോഫി സോഷ്യല്‍ ഫോറം ദമ്മാം കേരള സ്റ്റേറ്റ് കമ്മിറ്റി അംഗം കുഞ്ഞിക്കോയ താനൂര്‍ സമ്മാനിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനുള്ള ട്രോഫി ഫൗസാന്‍ മഞ്ചേരി ഏറ്റുവാങ്ങി. പൂര്‍ണമായും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് നടന്ന മത്സരങ്ങള്‍ക്ക് അജീബ് കോതമംഗലം, ഇസ്മായില്‍ വയനാട്, സജീദ് പാങ്ങോട്, ഫവാസ് മഞ്ചേരി, സുഹൈല്‍ പാങ്ങോട്, ഉമ്മര്‍ മൗലവി, ഷാക്കിര്‍ നേതൃത്വം നല്‍കി.