വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കണമെന്ന് ശൂറാ കൗണ്‍സില്‍

Update: 2021-09-14 04:30 GMT

റിയാദ്: വിദേശ തൊഴിലാളികള്‍ക്കേര്‍പ്പെടുത്തിയ ലെവി പുനഃപരിശോധിക്കണമെന്ന്് ബന്ധപ്പെട്ട വകുപ്പുകളോട് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു. ലെവി ഏര്‍പ്പെടുത്തിയത് ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. സ്ഥാപനങ്ങളുടെ നിലനില്‍പിനെയും വളര്‍ച്ചയെയും ബാധിച്ച ലെവി വ്യവസ്ഥയില്‍ മാറ്റം വരുത്തണമെന്നും അത് സ്ഥാപനങ്ങളുടെ പുരോഗതിയെ സഹായിക്കുമെന്നും ശൂറാ അംഗം ഹസാ അല്‍ഖഹ്താനി ഇതുസംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ വ്യക്തമാക്കി.


ചെറുകിട, ഇടത്തരം സ്ഥാപനങ്ങള്‍ പ്രധാനമായും നേരിടുന്നത് സാമ്പത്തിക ബാധ്യതകളും ഭരണപരമായ വെല്ലുവിളികളുമാണെന്നും സ്ഥാപനങ്ങളുടെ മേലില്‍ നടപ്പാക്കിയ ഇത്തരം നടപടികളില്‍ പുനരാലോചന വേണമെന്നും മറ്റൊരു അംഗമായ ഡോ. സുല്‍ത്താന അല്‍ബുദൈവി ആവശ്യപ്പെട്ടു. ചെറുകിട സ്ഥാപനങ്ങള്‍ക്ക് അടുത്ത അഞ്ചുവര്‍ഷത്തേക്ക് സര്‍ക്കാര്‍ ഫീസുകള്‍ തിരിച്ചു നല്‍കുന്ന സംവിധാനമുണ്ടാക്കണമെന്നും നിര്‍ദ്ദേശം ഉയര്‍ന്നു.




Tags: