പ്രധാനമന്ത്രിയും ശരത് പവാറും അതിര്‍ത്തിപ്രശ്‌നം ചര്‍ച്ചചെയ്യുകയായിരിക്കുമെന്ന് ശിവസേന നേതാവ്

Update: 2021-07-17 16:19 GMT

മുംബൈ: ശരത് പവാറും പ്രധാനമന്ത്രിയും ചൈനയുമായുളള അതിര്‍ത്തിപ്രശ്‌നവും കര്‍ഷ സമരത്തെക്കുറിച്ചും ചര്‍ച്ച ചെയ്യുകയായിരുന്നുവെന്ന് ശിവസേന എംപി അരവിന്ദ് സാവന്ദ്.

''ദലൈലാമയുടെ ജന്മദിനം ലഡാക്കില്‍ നടന്നിരുന്നു. അതിനിടയില്‍ സിന്ധു നദിക്കരിയില്‍ അണി നിരന്ന ചൈനീസ് സൈന്യം മോശം വാക്കുകളുപയോഗിച്ചു. അതിര്‍ത്തികളില്‍ ചൈന അനധികൃതമായി ചില നിര്‍മിതികള്‍ നടത്തുന്നുണ്ട്. ശരത് പവാര്‍ നേരത്തെ കൃഷി, പ്രതിരോധ മന്ത്രിയായിരുന്നു. അദ്ദേഹം പ്രധാനമന്ത്രിയുമായി കര്‍ഷകപ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു''- സാവന്ദ് പറഞ്ഞു.

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നടക്കുന്നതിനു രണ്ട് ദിവസം മുമ്പാണ് ഇരു നേതാക്കളും ചര്‍ച്ച നടത്തിയത്. ജൂലൈ 19നാണ് പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നത്.

കഴിഞ്ഞ വര്‍ഷം മുതല്‍ കര്‍ഷകര്‍ സമരം നടത്തുകയാണ്. കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരുടെ പ്രധാന ആവശ്യമായ താങ്ങുവിലയിലുള്ള വര്‍ധന ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. ഇത്തരം പ്രശ്‌നങ്ങളാണ് പവാര്‍ പ്രധാനമന്ത്രിയെ കണ്ട് ചര്‍ച്ച ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ശരത് പവാറിന്റെ കൂടിക്കാഴ്ച മഹാരാഷ്ട്രയില്‍ വലിയ വാര്‍ത്താപ്രാധാന്യമാണ് നേടിയത്. ശരത് പവാറിന്റെ നീക്കം ബിജെപിയുമായുള്ള എന്‍സിപിയുടെ സഖ്യത്തിനുള്ള ശ്രമമാണെന്നാണ് ആരോപണം.