രണ്ടാം തരംഗം അവസാനിച്ചിട്ടില്ല; കൊവിഡ് അവസാനിക്കുംവരെ ആരും സുരക്ഷിതരല്ലെന്ന് നീതി ആയോഗ് അംഗം ഡോ. പോള്‍

Update: 2021-07-02 13:45 GMT

ന്യൂഡല്‍ഹി: രണ്ടാം തരംഗം ഇനിയും അവസാനിച്ചിട്ടില്ലെന്നും കൊവിഡ് രോഗത്തില്‍ നിന്ന് രാജ്യം മുക്തമാകും വരെ ആരും സുരക്ഷിതരല്ലെന്നും നീതി ആയോഗ് ആരോഗ്യ വിഭാഗം അംഗം ഡോ. വി കെ പോള്‍. കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നുണ്ടെങ്കിലും ആശങ്ക ഒഴിയാറായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രണ്ടാം തരംഗത്തിലെ പ്രശ്‌നങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് രോഗവ്യാപനം കൂടുതലുള്ള സംസ്ഥാനങ്ങളിലേക്ക് വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. രോഗബാധിതര്‍ ഇല്ലാതാകും വരെ ആരും സുരക്ഷിതരല്ല- ഡോ. പോള്‍ പറഞ്ഞു.

മൂന്നാം തരംഗം വരുമോ എന്നതിനെക്കുറിച്ചുളള ചോദ്യത്തിന് അതൊന്നും നമ്മുടെ കയ്യിലല്ലെന്നും ആവശ്യമായ ഒരുക്കങ്ങളും തയ്യാറെടുപ്പുകളും നടത്തുകയാണ് ചെയ്യേണ്ടതെന്നും അതിനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഗ്രാമീണ മേഖലക്ക് പ്രത്യേക ഊന്നലും നല്‍കുന്നുണ്ട്. നാം ചിട്ടയോടെ പ്രവര്‍ത്തിക്കുകയാണെങ്കില്‍ മൂന്നാം തരംഗം വരാതിരിക്കാനും സാധ്യതയുണ്ട്.

ഒരു ഡോസ് വാക്‌സിനു തന്നെ 92 ശതമാനം പ്രതിരോധം നല്‍ാകന്‍ കഴിയുമെന്നാണ് ചണ്ഡീഗഢിലെ പോലിസുകാര്‍ക്കിടയില്‍ നടത്തിയ പഠനം തെളിയിച്ചത്. രണ്ട് ഡോസ് ആണെങ്കില്‍ അത് 98 ശതമാനത്തോളം ഉയരാം- അദ്ദേഹം പറഞ്ഞു.

ആഗസ്റ്റ്- ഡിസംബര്‍ മാസത്തില്‍ 216 കോടി ഡോസ് വാക്‌സിന്‍ തയ്യാറാവുമെന്നാണ് കണക്കുകൂട്ടല്‍. ഇതിനനുസരിച്ച് ഉല്‍പ്പാദകരും തയ്യാറെടുപ്പുകള്‍ നടത്തിയിട്ടുണ്ട്. നിലവില്‍ 12 സംസ്ഥാനങ്ങളിലായി 56 പേര്‍ക്കാണ് ഡല്‍റ്റ പ്ലസ് ബാധിച്ചതെന്നും അദ്ദേഹം പറഞ്ഞു.