കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ രണ്ടാം ഘട്ട വോട്ടടെുപ്പ് ഷെഡ്യൂള്‍ അനുസരിച്ച് രാവിലെ ഏഴ് മണിക്കുതന്നെ തുടങ്ങി. 24 പര്‍ഗാനാസ്, ബങ്കുറ, പശ്ചിം മിഡ്‌നാപൂര്‍, പുര്‍ബ മേദിനിപൂര്‍ തുടങ്ങി 30 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ് രണ്ടാംഘട്ടത്തില്‍ നടക്കുന്നത്. 171 സ്ഥാനാര്‍ത്ഥികളാണ് ആകെ മല്‍സര രംഗത്തുള്ളത്. അതില്‍ 152 പുരുഷന്മാരും ബാക്കി സ്ത്രീകളുമാണ്. ആകെ 11 ശതമാനം വനിതാ സ്ഥാനാര്‍ത്ഥികളാണ് മല്‍സര രംഗത്തുള്ളത്.
മുഖ്യമന്ത്രി മമതാബാനര്‍ജിയുടെ നന്ദീഗ്രം മണ്ഡലത്തിലും ഇന്ന് തിരഞ്ഞെടുപ്പ് നടക്കും. മമതാ കാബിനറ്റിലെ മുതിര്‍ന്ന അംഗവും പിന്നീട് ബിജെപിയില്‍ അംഗത്വമെടുക്കുകയും ചെയ്ത സുവേന്ദു അധികാരിയാണ് മമതയുടെ മുഖ്യ എതിരാളി. കഴിഞ്ഞ ഡിസംബറിലാണ് സുവേന്ദു ബിജെപിയില്‍ ചേര്‍ന്നത്. തനിക്ക് 50,000ത്തിനു മുകളില്‍ വോട്ട് ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് സുവേന്ദു അധികാരി പ്രഖ്യാപിച്ചിട്ടുണ്ട്.
ഡിവൈഎഫ്‌ഐ നേതാവ് മീനാക്ഷി മുഖര്‍ജിയാണ് ഇടത് കോണ്‍ഗ്രസ് സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി.
ദെബ്രയാണ് മറ്റൊരു ശ്രദ്ധേയമായ മണ്ഡലം. മുന്‍ ഐപിഎസ് ഉദ്യോഗസ്ഥ ഭാരതി ഘോഷും തൃണമൂലിന്റെ ഹുമയൂണ്‍ കബീറുമാണ് പ്രധാന സ്ഥാനാത്ഥികള്‍.
രണ്ടാം ഘട്ടത്തില്‍ ആകെ 75,94,549 വോട്ടര്‍മാരാണ് തങ്ങളുടെ സമ്മതിദാന അവകാശം ഉപയോഗിക്കുന്നത്. ഇതില്‍ 17 എന്‍ആര്‍ഐ വോട്ടുകളും 13,118 സര്‍വീസ് വോട്ടുകളും ഉണ്ട്.
800 കമ്പനി സുരക്ഷാസേനയെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്.
ആകെ 10,620 പോളിങ് സ്‌റ്റേഷനുകളാണ് സജ്ജമാക്കിയിട്ടുള്ളത്. അതില്‍ 8,333 എണ്ണം പ്രാഥമിക ബൂത്തുകളും 2,287 അനുബന്ധ ബൂത്തുകളുമാണ്. 31 സീറ്റിലേക്കുള്ള മൂന്നാം ഘട്ട വോട്ടെടുപ്പ് ഏപ്രില്‍ 6ാം തിയ്യതിയാണ് നടക്കുക. 194 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് എട്ട് ഘട്ടങ്ങളായാണ് നടക്കുന്നത്.
