കനത്ത മഴയില്‍ വീട്ടുകാര്‍ ഉറങ്ങിക്കൊണ്ടിരിക്കെ മേല്‍ക്കൂര തകര്‍ന്നുവീണു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു
പരപ്പനങ്ങാടി: കഴിഞ്ഞ മൂന്നു നാലു ദിവസങ്ങളിലായി പെയ്തുകൊണ്ടിരിക്കുന്ന ശക്തമായ മഴയിലും കാറ്റിലും വീടിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. ഉറങ്ങിക്കൊണ്ടിരുന്ന കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ നെടുവ കോവിലകം പറമ്പിലെ വലിയവളപ്പില്‍ സുനിതയുടെ വീടാണ് മേല്‍ക്കൂര തകര്‍ന്നുവീണു അപകടത്തിലായത്.
അപകടം നടക്കുമ്പോള്‍ വീട്ടമ്മ സുനിതയും മക്കളായ വിജിത്, വിജീഷ് എന്നിവരുമാണ് വീട്ടിലുണ്ടായിരുന്നത്. ഉറക്കത്തിലായിരുന്ന വിജിത് വീടിനു ഇളക്കം തട്ടുന്നതുപോലെ തോന്നിയപ്പോള്‍ ഞെട്ടിഉണരുകയായിരുന്നു. നോക്കിയപ്പോള്‍ അടുക്കളഭാഗത്തെ മേല്‍ക്കൂര തകര്‍ന്നുവീഴാന്‍ തുടങ്ങിയിരുന്നു. ഉടന്‍ അമ്മയെയും അനിയന്‍ വിജിത്തിനെയും വിളിച്ചുണര്‍ത്തി വീടിനു പുറത്തേക്കു ഓടിരക്ഷപ്പെടുകയായിരുന്നു. അപ്പോഴേക്കും മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നുവീണു.
സുനിതയുടെ ഭര്‍ത്താവ് ഷാജി നേരത്തെ മരിച്ചിരുന്നു. പിന്നീട് കൂലിവേല ചെയ്താണ് സുനിത കുടുംബം പുലര്‍ത്തിയിരുന്നത്. മേല്‍ക്കൂര തകര്‍ന്നെങ്കിലും ആളപായമില്ലാതെ രക്ഷെപ്പട്ടത്തിന്റെ ആശ്വാസത്തിലാണ് സുനിതയുടെ കുടുംബവും നാട്ടുകാരും. തകര്‍ന്ന വീട് പൂര്‍ണമായും ശരിയാക്കുന്നതുവരെ സുനിതക്കും കുടുംബത്തിനും താമസിക്കാന്‍ സുരക്ഷിതമായ മറ്റൊരിടം കണ്ടെത്തേണ്ടിവരുന്ന അവസ്ഥയിലാണ്. എത്രയും പെട്ടെന്ന് കുടുംബത്തിന് നഷ്ടപരിഹാരം നല്‍കണമെന്ന് സുനിതയുടെ വീട് സന്ദര്‍ശിച്ച ഐഎന്‍ടിയുസി നേതാക്കളായ സി ബാലഗോപാലന്‍, കെ അബ്ദുല്‍ഗഫൂര്‍ ആവശ്യപ്പെട്ടു.
