മലബാര്‍ സമര നായകരെ സ്വാതന്ത്ര്യ സമര പട്ടികയില്‍ നിന്നും നീക്കം ചെയ്തത് തിരുത്തണം: ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം

Update: 2021-09-06 17:35 GMT

ദമ്മാം: മലബാര്‍ സമര നായകരായ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയും ആലി മുസ്‌ല്യാരമടക്കമുള്ള 387 രക്ത സാക്ഷികളെ സ്വാതന്ത്ര്യ സമര പട്ടികയില്‍ നിന്നും നീക്കം ചെയ്തത് തിരുത്തണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമ്മാം ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. സംഘപരിവാറിന്റെ ഭീരുത്വമാണ് ഈ നടപടിയിലൂടെ വെളിവാകുന്നത്.


മലബാര്‍ പ്രക്ഷോഭം അടിമുടി ബ്രിട്ടീഷ് വിരുദ്ധമായിരുന്നു എന്നത് മുഴുവന്‍ ചരിത്രകാരന്മാരും വ്യക്തമാക്കിയതാണ്. അതിന്റെ ഓര്‍മകള്‍ ഇന്നും ഓരോ പൗരനും അഭിമാപൂര്‍വ്വം കാത്ത് സൂക്ഷിക്കുന്നുമുണ്ട്. രേഖകളില്‍ നിന്നും മാറ്റിയാല്‍ മാഞ്ഞുപോവുന്ന ഒന്നല്ല ചരിത്രമെന്ന് സംഘപരിവാര്‍ സര്‍ക്കാര്‍ മനസിലാക്കണം. പേരിനു പോലും ഒരാളെ ഉയര്‍ത്തികാണിക്കാന്‍ പറ്റാത്തതിന്റെ ജാള്യത മറച്ചുവെക്കാനാണ് സംഘപരിവാര്‍ ഭരണകൂടം ഈരീതിയില്‍ ചരിത്രത്തെ വ്യഭിചരിക്കുന്നത്.


ഭരണപരാചയം മറച്ചുവെക്കാന്‍ ഓരോ സമയത്തും വിവാദങ്ങള്‍ ഉണ്ടാക്കി ജനങ്ങളുടെ ശ്രദ്ധ തിരിച്ചുവിട്ടുകൊണ്ടിരിക്കയാണ് മോഡി ഗവണ്മെന്റ്. ഉത്തരേന്ത്യയിലും മറ്റും മുസ്‌ലിം സമുദായത്തില്‍ പെട്ട യുവാക്കള്‍ക്ക് സ്വതന്ത്രമായി ജോലിചെയ്യാന്‍ പറ്റാത്ത അതി ഭീകരമായ അവസ്ഥയാണ് നിലവിലുള്ളത്. ഫാഷിസ്റ്റ് ഭരണകൂടത്തിനെതിരെ പ്രതിഷേധിക്കുന്നതില്‍ പ്രതിപക്ഷം അമ്പേ പരാജയമാണ്. മോദി ഗവണ്മെന്റ് കുത്തക കമ്പനികള്‍ക്ക് ഇന്ത്യയെ വിറ്റ്‌കൊണ്ടിരിക്കയാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.സമ്മേളനത്തില്‍ 2021-2024 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെയും തിരഞ്ഞെടുത്തു. ഇന്ത്യന്‍ സോഷ്യല്‍ ഫോറം റീജ്യണല്‍ കമ്മറ്റി അംഗം അബ്ദുല്‍സലാം, ഷെഫിന്‍ കൊല്ലം തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു.


പ്രസിഡന്റായി സുബൈര്‍ നാറാത്തും സെക്രട്ടറിയായി ശരീഫ് കൊടുവള്ളിയും തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: അഹമ്മദ് സൈഫുദ്ദീന്‍ നാസര്‍ ഉളിയില്‍ (വൈസ് പ്രസിഡന്റ്), നൗഫല്‍ പന്തളം, നൗഷാദ് തലശ്ശേരി, നവാസ് കോട്ടയം (ജോയിന്റ് സെക്രട്ടറിമാര്‍), റെനീഷ് പാണക്കാട്, റഷീദ് ചെര്‍പുളശ്ശേരി (കമ്മിറ്റി അംഗങ്ങള്‍)




Tags: