ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരില്‍ സ്ഥാപിക്കുന്നതിന് അംഗീകാരം

മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിന് ഇതുസംബന്ധിച്ച അറിയിപ്പ് മന്ത്രാലയം നല്‍കി.

Update: 2019-01-04 13:25 GMT
ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരില്‍ സ്ഥാപിക്കുന്നതിന് അംഗീകാരം

തിരുവനന്തപുരം: ശ്രേഷ്ഠഭാഷാ കേന്ദ്രം തിരൂരിലെ തുഞ്ചത്ത് എഴുത്തച്ഛന്‍ മലയാളം സര്‍വകലാശാലയില്‍ സ്ഥാപിക്കുന്നതിന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അംഗീകാരം നല്‍കി. മൈസൂരിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിന് ഇതുസംബന്ധിച്ച അറിയിപ്പ് മന്ത്രാലയം നല്‍കി. അംഗീകാരം ലഭിച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതി രേഖ(ഡിപിആര്‍) തയ്യാറാക്കി മന്ത്രാലയവുമായി ധാരണാപത്രം ഒപ്പിടണം.

മലയാളത്തെ ശ്രേഷ്ഠ ഭാഷയായി 2013 ആഗസ്തിലാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചത്. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസ് ഡയറക്ടര്‍ 2018 ആഗസ്തില്‍ മലയാളം സര്‍വകലാശാല സന്ദര്‍ശിച്ച് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയിരുന്നു. മലയാള ഭാഷയുടെ വികസനത്തിനുളള പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രേഷ്ഠഭാഷാ കേന്ദ്രം സഹായിക്കും. മലയാളം സര്‍വകലാശാലക്കും ഇതു പ്രയോജനകരമാവും.



Tags: