ന്യൂഡല്‍ഹി: ഫെബ്രുവരി 13ാം തിയ്യതി ചേരാനിരുന്ന രാജ്യസഭ ബജറ്റ് സമ്മേളനം മാറ്റിവച്ചതായി രാജ്യസഭാ സെക്രട്ടേറിയറ്റ് അറിയിച്ചു.
''ഫെബ്രുവരി 13ാം തിയ്യതി രാജ്യസഭ ബജറ്റ് സമ്മേളനം ചേരുമെന്ന ഫെബ്രുവരി 11ലെ സഭയിലെ അറിയിപ്പ് റദ്ദാക്കിയിരിക്കുകയാണ്. അതായത് ഫെബ്രുവരി 13ാം തിയ്യതി സമ്മേളനം നടക്കുന്നതല്ല''- രാജ്യസഭ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
ജനുവരി 29ാം തിയ്യതി രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ രണ്ട് സഭയുടെയും സംയുക്ത സമ്മേളനത്തോടെയാണ് ബജറ്റ് സമ്മേളനം ആരംഭിച്ചത്.
അന്നത്തെ പ്രഖ്യാപനമനുസരിച്ച് ആദ്യ ഘട്ട സമ്മേളനം ഫെബ്രുവരി 15വരെയാണ് ചേരാനിരുന്നത്. എന്നാല്‍ പിന്നീടത് ഫെബ്രുവരി 13ലേക്ക് മാറ്റുകയായിരുന്നു.
രണ്ടാം ഘട്ട സമ്മേളനം മാര്‍ച്ച് എട്ട് മുതല്‍ ഏപ്രില്‍ എട്ട് വരെ നീണ്ടുനില്‍ക്കും.
പാര്‍ലമെന്റിലേത്തുന്ന എല്ലാ അംഗങ്ങളും കൊവിഡ് പരിശോധനയ്ക്ക് വിധേയമാവണമെന്ന സെക്രട്ടേറിയറ്റ് പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു.