മഴ കനത്തു; തമിഴ്‌നാട്ടില്‍ നാല് ജില്ലകളില്‍ സ്‌കൂളുകള്‍ അടച്ചു

Update: 2021-11-07 15:22 GMT

ചെന്നൈ: തമിഴ്‌നാട്ടില്‍ മഴ കനത്തതോടെ സംസ്ഥാനത്തെ നാല് ജില്ലകളിലെ സ്‌കൂളുകള്‍ രണ്ട് ദിവസത്തേക്ക് അടച്ചു. ചെന്നൈയിലും സമീപ ജില്ലകളിലുമാണ് മഴ കൂടുതല്‍ പെയ്യുന്നത്. വെള്ളം കയറിയ പ്രദേശങ്ങളില്‍ ദേശീയ ദുരിതാശ്വാസ സേനയെ വിന്യസിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി.

ചെന്നൈയിലും തിരുവള്ളുവര്‍, ചെങ്കല്‍പേട്ട്, കാഞ്ചിപുരം ജില്ലകളിലാണ് കോളജുകള്‍ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചത്. തമിഴ്‌നാടിന്റെ വടക്കന്‍ തീരപ്രദേശങ്ങളെയാണ് മഴ കൂടുതല്‍ ബാധിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം രാത്രി മുതല്‍ ചെന്നൈയില്‍ മഴ പെയ്തുകൊണ്ടിരിക്കുകയാണ്. രാവിലെ എട്ടു മണിയോടെ ആകെ ലഭിച്ച മഴയുടെ അളവ് 21 സെന്റീമീറ്ററായി. നഗരത്തിലെ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്.

വടക്കന്‍ തമിഴ്‌നാട്ടില്‍ ഇനിയും കനത്ത മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പുനല്‍കി. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദമാണ് പൊടുന്നനെയുള്ള മഴയ്ക്ക് കാരണം.

ചെന്നൈയില്‍ പലയിടത്തും വെള്ളക്കെട്ടായതോടെ ചെമ്പരമ്പാക്കം തടാകത്തിലെ വെള്ളം തുറന്നുവിട്ടു. നിലവില്‍ തടാകത്തില്‍ 82.35 അടി വെള്ളമുണ്ട്. ആകെ ശേഷി 85.4 അടിയാണ്.

സാധാരണ മഴയാണെങ്കില്‍ വെള്ളം പൊങ്ങാന്‍ സാധ്യതയില്ലെന്നും എന്നാല്‍ മഴ കനത്താല്‍ വീണ്ടും പല പ്രദേശങ്ങളും വെള്ളത്തിലായേക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പുനല്‍കി. കാഞ്ചിപുരം, ചെങ്കല്‍പ്പേട്ട് ജില്ലകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. 

Tags: