ഡല്‍ഹിയില്‍ കര്‍ഷക സമരത്തിനിടയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി

Update: 2021-01-22 18:18 GMT

ഛണ്ഡിഗഢ്: ഡല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സമരത്തിനിടയില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ഡല്‍ഹി അതിര്‍ത്തിയില്‍ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ നടക്കുന്ന പ്രക്ഷോഭത്തിനിടയില്‍ ഇതുവരെ 76 പേരാണ് മരിച്ചത്. സാമൂഹികമാധ്യമങ്ങള്‍ വഴി നടത്തുന്ന 'ആസ്‌ക് ക്യാപ്റ്റന്‍' ലൈവ് പരിപാടിയുടെ ഇരുപതാമത് എഡിഷനില്‍ പങ്കെടുത്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

''മൂന്ന് നിയമങ്ങള്‍ക്കെതിരേ നടന്ന പ്രക്ഷോഭത്തിനിടെ 76 പേര്‍ മരിച്ചുവെന്നാണ് എനിക്ക് ലഭിച്ച വിവരം. മരിച്ചവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് ഇന്ന് ഞാന്‍ പ്രഖ്യാപിക്കുകയാണ്''- അദ്ദേഹം പറഞ്ഞു.

''ഇന്ത്യയില്‍ ഒരു ഭരണഘടനയുണ്ടോ? കൃഷി ഇന്ത്യന്‍ ഭരണഘടനയനുസരിച്ച് ഏഴാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയ സംസ്ഥാന വിഷയമാണ്. അതെങ്ങനെയാണ് സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ ഭേദഗതി ചെയ്യുന്നത്? അവരത് ലോക്‌സഭയില്‍ ചര്‍ച്ച ചെയ്തു. രാജ്യസഭയില്‍ ബഹളങ്ങള്‍ക്കിടയ്ക്കാണ് പാസ്സാക്കിയത്''-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News