കീഴുപറമ്പ് പഞ്ചായത്തിലെ പൊതുകിണര്‍ ഭൂമിയിലേക്ക് താഴ്ന്നു

Update: 2020-07-05 18:49 GMT

അരീക്കോട്: അരീക്കോട് വര്‍ഷങ്ങള്‍ പഴക്കമുള്ള പഞ്ചായത്ത് കിണര്‍ പൂര്‍ണമായും ഭൂമിയിലേക്ക് താഴ്ന്നു. കീഴുപറമ്പ് പഞ്ചായത്തിന്റെ കീഴിലുള്ള കുനിയില്‍ ഇരുമാന്‍ കടവ് റോഡിലെ കിണറാണ് പത്ത് മീറ്റര്‍ ആഴത്തില്‍ താഴ്ന്നു പോയത്. 23 വീട്ടുകാര്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം എടുക്കുന്ന കിണറാണ് ഇന്നലെ കാലത്ത് പത്തോടെ താഴ്ന്നുപോയത്. നല്ല മഴയുള്ളസമയത്ത് താഴ്ന്ന് പോയതിനാല്‍ മോട്ടോറുകളെല്ലാം നശിച്ചിട്ടുണ്ട്.

സംഭവസ്ഥലം ജിയോളജി, ഫയര്‍ഫോഴ്‌സ്, റവന്യൂ പഞ്ചായത്ത് വകുപ്പ് ജീവനക്കാര്‍ സന്ദര്‍ശിച്ചു. മോട്ടോറുകള്‍ എടുക്കാനുള്ള ഫയര്‍ഫോഴ്‌സിന്റെ ശ്രമം വിഫലമായിരിക്കുകയാണ്. ഒരിക്കല്‍ കൂടി ശ്രമിക്കാമെന്ന് നിലമ്പൂര്‍ ഫയര്‍ ഓഫീസര്‍ ഗഫൂര്‍ പറഞ്ഞു. ആള്‍മറയും നെറ്റും താഴ്ചയില്‍ തകര്‍ന്നിട്ടുണ്ട്. കിണറിന്റെ രണ്ട് മീറ്റര്‍ ചുറ്റളവില്‍ ഇടിച്ചിലും അനുഭവപ്പെടുന്നുണ്ട്. കിണര്‍ മണ്ണിട്ട് മൂടാനാണ് ജിയോളജി വകുപ്പ് പഞ്ചായത്തിന് നല്‍കിയ നിര്‍ദേശം. മണ്ണ് കുതിര്‍ന്നു നില്‍ക്കുന്നതിനാല്‍ കൂടുതല്‍ മോട്ടോര്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്തതാണ് കിണര്‍ താഴ്ന്നതാണെന്നാണ് വിദഗ്ധ അഭിപ്രായം. കൂടുതല്‍ പരിശോധന തുടരുമെന്ന് ബന്ധപെട്ടവര്‍ പറഞ്ഞു. 

Similar News