പി ടി ഭാസ്‌കര പണിക്കര്‍ സ്മാരക ഫൗണ്ടേഷന്‍ രൂപീകരിച്ചു

1957ലെ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് വഴിതെളിയിച്ച ഭരണമായിരുന്നു പി ടി ഭാസ്‌കര പണിക്കരുടെ നേതൃത്വത്തില്‍ മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിലൂടെ ഉണ്ടായത്. മലബാറിന്റെ സമഗ്ര വികസനത്തിനാണ് ഡിസ്ട്രിക്ട് ബോര്‍ഡ് നേതൃത്വം നല്‍കിയത്.

Update: 2021-09-24 12:45 GMT

കോഴിക്കോട്: മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡ് പ്രസിഡന്റായി 1956ല്‍ പ്രവര്‍ത്തിച്ച പി ടി ഭാസ്‌കര പണിക്കരുടെ സ്മരണ നിലനിര്‍ത്താനും കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌ക്കാരിക, ശാസ്ത്ര മേഖലകളില്‍ പ്രവര്‍ത്തിക്കുക എന്നീ ലക്ഷ്യങ്ങളോടെ പി ടി ഭാസ്‌കര പണിക്കര്‍ സ്മാരക ഫൗണ്ടേഷന്‍ രൂപീകരിച്ചു.

1957ലെ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതിന് വഴിതെളിയിച്ച ഭരണമായിരുന്നു പി ടി ഭാസ്‌കര പണിക്കരുടെ നേതൃത്വത്തില്‍ മലബാര്‍ ഡിസ്ട്രിക്ക് ബോര്‍ഡിലൂടെ ഉണ്ടായത്. മലബാറിന്റെ സമഗ്ര വികസനത്തിനാണ് ഡിസ്ട്രിക്ട് ബോര്‍ഡ് നേതൃത്വം നല്‍കിയത്. ബഹുമുഖ പ്രതിഭയായ പി ടി ഭാസ്‌ക്കര പണിക്കര്‍ രാഷ്ട്രീയ രംഗത്ത് മാത്രമല്ല, സാഹിത്യ, സാംസ്‌ക്കാരിക, ശാസ്ത്ര രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചു. 1957 ല്‍ അധികാരത്തില്‍ വന്ന ഒന്നാം കേരള മന്ത്രിസഭയിലെ വിദ്യാഭ്യാസ നയം രൂപപെടുത്തുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. ഇത്തരം കാര്യങ്ങള്‍ മായാതെ ഓര്‍മ്മപ്പെടുത്താനും പുത്തന്‍ ഇടപെടലുകള്‍ നടത്താനുമാണ് ഫൗണ്ടേഷന്‍ ലക്ഷ്യമിടുന്നത്. പി ടി ഭാസ്‌ക്കര പണിക്കര്‍ ഫൗണ്ടേഷന്റെ മുഖ്യരക്ഷാധികാരി കാനം രാജേന്ദ്രനും, പ്രൊഫ. പി എ വാസുദേവന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, പ്രൊഫ. കെ പാപ്പുട്ടി എന്നിവര്‍ രക്ഷാധികാരികളുമാണ്.

പന്ന്യന്‍ രവീന്ദ്രന്‍ ചെയര്‍മാനും ടി വി ബാലന്‍ വൈസ് ചെയര്‍മാനും കെ പി സുരേഷ് രാജ് സെക്രട്ടറിയും ടി കെ രാമകൃഷ്ണന്‍ ജോ: സെക്രട്ടറിയുമായാണ് ഫൗണ്ടേഷന്‍ രൂപീകരിച്ചിട്ടുള്ളത്. രൂപീകരണ യോഗത്തില്‍ പ്രെഫ: പി എ വാസുദേവന്‍ അധ്യക്ഷത വഹിച്ചു. പന്ന്യന്‍ രവീന്ദ്രന്‍, കെ പി സുരേഷ് രാജ്, ടി വി ബാലന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ സംസാരിച്ചു.

Tags: