ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഫെബ്രുവരി 14ന് കേരളത്തിലെത്തും. ഇതേ ദിവസം അദ്ദേഹം തമിഴ്‌നാടും സന്ദര്‍ശിക്കും. തമിഴ്‌നാട്ടില്‍ വിവിധ പദ്ധതികളുടെ ഉദ്ഘാടനകര്‍മത്തിനുശേഷമാണ് അദ്ദേഹം കൊച്ചിയിലെത്തുക. കൊച്ചിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപന കര്‍മം നിര്‍വഹിക്കും.
രാവിലെ 11.14 ന് പ്രധാനമന്ത്രി ചെന്നൈയില്‍ അര്‍ജുന്‍ മെയിന്‍ ബാറ്റില്‍ ടാങ്ക് ഔപചാരികമായി സൈന്യത്തിന് കൈമാറും. ചെന്നൈ മെട്രോ റെയില്‍ ഫെയ്‌സ് 1 എക്റ്റന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ചെന്നൈ ബീച്ചിനും അട്ടിപ്പട്ടയ്ക്കും ഇടയിലുള്ള നാലാമത് റെയില്‍വേ ലൈനാണ് ഇത്. അന്നുതന്നെ വില്ലിപുരം, കൂടല്ലൂര്‍, തഞ്ചാവൂര്‍ റെയില്‍വേ വൈദ്യുതീകരണം ഉദ്ഘാടനം ചെയ്യും. 2,640 കോടിയുടെ ഗ്രാന്‍ഡ് അനികട്ട് കനാല്‍ ശൃംഖലയുടെയും 1000 കോടിയുടെ ഐഐടി മദ്രാസിലെ ഡിസ്‌കവറി ക്യാമ്പസിന്റെയും ശിലാസ്ഥാപനവും നിര്‍വഹിക്കും.
തുടര്‍ന്ന് 3.30ന് കൊച്ചിയിലെത്തും. അവിടെ ബിപിസിഎല്ലിന്റെ പ്രൊപ്പലീന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രൊജക്റ്റ് രാഷ്ട്രത്തിന് സമര്‍പ്പിക്കും. കൊച്ചിന്‍ പോര്‍ട്ടില്‍ കല്‍ക്കരി ബര്‍ത്തിന്റെ പുനഃരുദ്ധരണപ്രവര്‍ത്തനങ്ങളുടെ ശിലാസ്ഥാപനവും നിര്‍വഹിക്കും.