വീര്‍ഭദ്ര സിങിന്റെ മരണത്തില്‍ പ്രധാനമന്ത്രിയും രാഷ്ട്രപതിയും അനുശോചിച്ചു

Update: 2021-07-08 04:39 GMT

ഷിംല: മുന്‍ ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്ങിന്റെ മരണത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചിച്ചു. ഇന്ന് പുലര്‍ച്ചെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജില്‍വച്ചാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുകൂടിയായ വീര്‍ഭദ്രസിങ് അന്തരിച്ചത്.

സമ്പന്നമായ രാഷ്ട്രീയ, ഭരണനൈപുണ്യവും അനുഭവപരിചയവുമുള്ള നേതാവായിരുന്നു വീര്‍ഭദ്രസിങ്ങനെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഹിമാചല്‍ പ്രദേശിലെ ജനങ്ങളെ സേവിക്കുന്നതില്‍ അദ്ദേഹം പ്രധാപങ്കുവഹിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തെയും അനുയായികളെയും പ്രധാനമന്ത്രി അനുശോചനം അറിയിച്ചു.

മുഖ്യമന്ത്രിയെന്ന നിലയിലും പാര്‍ലമെന്റ് അംഗം എന്ന നിലയിലും ആറ് ദശകങ്ങള്‍ നീണ്ടുനിന്ന അദ്ദേഹത്തിന്റെ രാഷ്ട്രീയഅനുഭവപരിചയത്തെക്കുറിച്ച് രാഷ്ട്രപതി തന്റെ അനുശോചന സന്ദേശത്തില്‍ ഓര്‍ത്തെടുത്തു. അദ്ദേഹം ഹിമാചല്‍ പ്രദേശിലെ ജനങ്ങളോട് പ്രതിബന്ധത പുലര്‍ത്തിയെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.

ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്‌റാം താക്കൂറും വീര്‍ഭദ്ര സിങ്ങിന്റെ മരണത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. അദ്ദേഹം ഹിമാചലിലെ ജനങ്ങള്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങള്‍ ആരും മറക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞു.

ജൂലൈ ആറാം തിയ്യതിയാണ് അദ്ദേഹത്തെ ഹൃദയാഘാതം മൂലം ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. 87 വയസ്സുള്ളള സിങ്ങ് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിച്ചിരുന്നത്. മൃതദേഹം ഷിംലയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തിച്ചിട്ടുണ്ട്.

ഏപ്രില്‍ 13ന് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് മൊഹാലിയിലെ മാക്‌സ് ആശുപത്രിയിലേക്ക് മാറ്റി. ഏപ്രില്‍ 23ന് ഷിംലയിലേക്ക് പോന്നു. ശ്വാസതടസ്സം നേരിട്ടതോടെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ജൂണ്‍ 11ന് വീണ്ടും കൊവിഡ് ബാധിച്ചെങ്കിലും താമസിയാതെ നെഗറ്റീവായി. വീരഭദ്രസിങ് ഒമ്പത് തവണ എംഎല്‍എയായിട്ടുണ്ട്, അഞ്ച് തവണ എംപിയുമായി. നിലവില്‍ അര്‍കി നിയോജകമണ്ഡലത്തില്‍നിന്നുള്ള നിയമസഭാ അംഗമാണ്.