ന്യൂഡല്‍ഹി: സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി ഞായറാഴ്ച രാഷ്ട്രപതി ദ്രൗപതി മുര്‍മു രാജ്യത്തെ അഭിസംബോധന ചെയ്യും. കഴിഞ്ഞ മാസമാണ് ദ്രൗപതി മുര്‍മു രാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്.
ആകാശവാണിയുടെ (എഐആര്‍) മുഴുവന്‍ ദേശീയ ശൃംഖലയിലും വൈകുന്നേരം 7 മണി മുതല്‍ പ്രസംഗം പ്രക്ഷേപണം ചെയ്യും. ദൂരദര്‍ശന്റെ എല്ലാ ചാനലുകളിലും ഹിന്ദിയിലും തുടര്‍ന്ന് ഇംഗ്ലീഷ് പതിപ്പിലും സംപ്രേക്ഷണം ചെയ്യും.
ദൂരദര്‍ശനില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള പ്രസംഗം സംപ്രേക്ഷണം ചെയ്തതിന് ശേഷം ദൂരദര്‍ശന്റെ പ്രാദേശിക ചാനലുകള്‍ പ്രാദേശിക ഭാഷകളില്‍ സംപ്രേക്ഷണം ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ആഗസ്റ്റ് 15ന് ചെങ്കോട്ടയുടെ കൊത്തളത്തില്‍ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം പ്രമാണിച്ച് ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിനില്‍ ജനങ്ങള്‍ ആവേശത്തോടെ പങ്കെടുക്കുന്നതായി സര്‍ക്കാര്‍ അറിയിച്ചു. 'ഹര്‍ ഘര്‍ തിരംഗ' കാമ്പയിന്‍ ശനിയാഴ്ച ആരംഭിച്ച് ആഗസ്റ്റ് 15 വരെ നീണ്ടുനില്‍ക്കും.
'ഹര്‍ ഘര്‍ തിരംഗ' എന്നത് ആസാദി കാ അമൃത് മഹോത്സവിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന പരിപാടിയാണ്. എല്ലായിടത്തുമുള്ള ഇന്ത്യക്കാരെ അവരുടെ വീടുകളില്‍ ദേശീയ പതാക ഉയര്‍ത്താന്‍ പ്രചോദിപ്പിക്കുന്നതാണ് പരിപാടി. ദേശീയ പതാകയുമായുള്ള ബന്ധം ഔപചാരികമോ സ്ഥാപനപരമോ ആയി നിലനിര്‍ത്തുന്നതിനുപകരം കൂടുതല്‍ വ്യക്തിപരമാക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
