കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി മടങ്ങി

Update: 2021-12-25 11:40 GMT

തിരുവനന്തപുരം: മൂന്നു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഡല്‍ഹിയിലേക്ക് മടങ്ങി. വെള്ളിയാഴ്ച രാവിലെ രാജ്ഭവനില്‍ നിന്ന് തിരുവനന്തപുരം എയര്‍ഫോഴ്‌സ് ടെക്‌നിക്കല്‍ ഏരിയയില്‍ എത്തിയ അദ്ദേഹം പ്രത്യേക വിമാനത്തിലാണ് മടങ്ങിയത്. 

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, ചീഫ് സെക്രട്ടറി വി.പി. ജോയി, സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് എന്നിവര്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.

ഡിസംബര്‍ 22നാണ് രാഷ്ട്രപതി കേരളത്തിലെത്തിയത്. ഭാര്യ പ്രഥമ വനിത സവിത കോവിന്ദ്, മകള്‍ സ്വാതി എന്നിവര്‍ക്ക് ഒപ്പമാണ് രാഷ്ട്രപതി എത്തിയത്. തുടര്‍ന്ന് അദ്ദേഹം ഹെലികോപ്റ്ററില്‍ കാസര്‍കോട് പെരിയയില്‍ നടക്കുന്ന കേരള കേന്ദ്ര സര്‍വകലാശാലയുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുത്തു.

22ന് രാവിലെ 9.50ന് ദക്ഷിണ മേഖലാ നാവിക കമാന്‍ഡിന്റെ പരിപാടിയില്‍ രാഷ്ട്രപതി പങ്കെടുത്തു. തുടര്‍ന്ന് വിക്രാന്ത് സെല്‍ സന്ദര്‍ശിച്ചു. 23ന് രാവിലെ 10.20ന് കൊച്ചിയില്‍ നിന്ന് തിരിച്ച് 11 മണിക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി. രാവിലെ 11.30ന് പൂജപ്പുരയില്‍ പി. എന്‍. പണിക്കരുടെ വെങ്കല പ്രതിമ അനാച്ഛാദനം നിര്‍വഹിച്ചു. 24ന് രാവിലെ രാജ്ഭവനില്‍ നിന്ന് തിരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി.