എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാന്‍ രാഷ്ട്രപതി ലണ്ടനിലേക്ക് പുറപ്പെട്ടു

Update: 2022-09-17 12:39 GMT

ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കാനും ഇന്ത്യയെ പ്രതിനിധീകരിച്ച് അനുശോചനം രേഖപ്പെടുത്താനുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു ശനിയാഴ്ച ലണ്ടനിലേക്ക് പുറപ്പെട്ടു.

യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, പ്രഥമ വനിത ജില്‍ ബൈഡന്‍ എന്നിവരും സംസ്‌കാരച്ചടങ്ങില്‍ പങ്കെടുക്കും.

എലിസബത്ത് രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകള്‍ക്കായി ലണ്ടന്‍ സന്ദര്‍ശിക്കുന്ന എല്ലാ രാഷ്ട്രത്തലവന്‍മാരും തിങ്കളാഴ്ചത്തെ സംസ്‌കാരച്ചടങ്ങുകള്‍ക്ക് മുന്നോടിയായി വെസ്റ്റ്മിന്‍സ്റ്റര്‍ ഹാളിലെത്തിയശേഷം ലങ്കാസ്റ്റര്‍ ഹൗസില്‍ അനുശോചന പുസ്തകത്തില്‍ ഒപ്പുവയ്ക്കും. എന്നാല്‍ വെസ്റ്റ്മിനിസ്റ്റര്‍ ഹാളിലെ ചടങ്ങില്‍ പങ്കെടുക്കാന്‍ ചൈനീസ് പ്രതിനിധികളെ അനുവദിക്കില്ല.

ശവസംസ്‌കാര ചടങ്ങുകള്‍ക്കായി, വിവിധ രാജ്യങ്ങളുടെ രാഷ്ട്രത്തലവന്മാര്‍ മുതല്‍ വിവിധ രാജ്യങ്ങളിലെ രാജകുടുംബാംഗങ്ങളും ലോകമെമ്പാടുമുള്ള വിശിഷ്ട വ്യക്തികളും യുകെയിലെത്തും.

ഔദ്യോഗിക അതിഥി പട്ടിക ഇതുവരെ പുറത്തുവിട്ടിട്ടില്ലെങ്കിലും പങ്കെടുക്കാത്ത രാജ്യങ്ങളുടെ പട്ടിക പുറത്തുവന്നിട്ടുണ്ട്. റഷ്യ, ബെലാറസ്, അഫ്ഗാനിസ്താന്‍, മ്യാന്‍മര്‍, സിറിയ, വെനസ്വേല എന്നീ രാജ്യങ്ങള്‍ ഈ പട്ടികയിലാണ്.

റഷ്യയെ ക്ഷണിച്ചിട്ടില്ലെങ്കിലും റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്‍ ചാള്‍സ് മൂന്നാമന്‍ രാജാവന് ആശംസകള്‍ നേര്‍ന്നു.

ഉത്തരകൊറിയ, ഇറാന്‍, നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ക്ക് ക്ഷണപ്പത്രതിക അയച്ചിട്ടുണ്ടെങ്കിലും അംഗാസിഡര്‍മാരെ മാത്രമേ ക്ഷണിച്ചിട്ടുള്ളൂ. രാഷ്ട്രത്തലവന്മാരെ ഒഴിവാക്കിയിരിക്കുകയാണ്.

സെപ്തംബര്‍ 19ന് നടക്കുന്ന രാജ്ഞിയുടെ ശവസംസ്‌കാര ചടങ്ങുകളുടെ സുരക്ഷ ശക്തമാക്കാന്‍ 7 മില്യണ്‍ ഡോളറിലധികം (ഏകദേശം 59 കോടി രൂപ) ചെലവഴിക്കും.

Tags: