മാളയിലെ യഹൂദ സെമിത്തേരിയുടെ സംരക്ഷണം യാഥാര്‍ത്ഥ്യമാവുന്നു

നാല് ഏക്കര്‍ വിസ്തൃതിയുള്ള ശ്മശാനത്തിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ മുസിരിസ് പ്രൊജക്ട്‌സ് എംഡി സമര്‍പ്പിച്ച 98.97 ലക്ഷം രൂപയുടെ പ്രൊജക്റ്റിന്‌സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.

Update: 2020-05-28 14:07 GMT

മാള: നൂറ്റാണ്ടുകളുടെ ചരിത്രമുറങ്ങുന്ന മാളയിലെ യഹൂദ സെമിത്തേരിയുടെ സംരക്ഷണം യാഥാര്‍ത്ഥ്യമാവുന്നു. നാല് ഏക്കര്‍ വിസ്തൃതിയുള്ള ശ്മശാനത്തിന് ചുറ്റുമതില്‍ നിര്‍മിക്കാന്‍ മുസിരിസ് പ്രൊജക്ട്‌സ് എംഡി സമര്‍പ്പിച്ച 98.97 ലക്ഷം രൂപയുടെ  പ്രൊജക്റ്റിന്‌സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചു.

എറണാകുളം ഇന്‍കലിനാണ് നിര്‍മ്മാണച്ചുമതല. ഉടന്‍ നിര്‍മാണം ആരംഭിക്കാനാകുമെന്നും കരാറിലെ കാലാവധി ഒരു വര്‍ഷമാണെങ്കിലും ആറ് മാസത്തിനകം നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് ശ്രമമെന്നും ബന്ധപ്പെട്ടവര്‍ സൂചിപ്പിച്ചു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഈ ചരിത്ര സ്മാരകം ഇന്ത്യയിലെ ഏറ്റവും വലുതും പഴക്കമേറിയതുമായ യഹൂദ സ്മാരകമാണ്.

ആയിരം വര്‍ഷത്തിലേറെ നീണ്ട അധിവാസത്തിനു ശേഷം 1950കളില്‍ മാളയില്‍നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ യഹൂദര്‍ 1955 ജനുവരി നാലിന് രജിസ്റ്റര്‍ ചെയ്ത കരാര്‍ പ്രകാരം മാള ഗ്രാമപ്പഞ്ചായത്തിനെ സംരക്ഷണത്തിനേല്‍പ്പിച്ചതാണ് സിനഗോഗും ശ്മശാനവും.

തുടര്‍ന്ന് ഒട്ടേറെ കയ്യേറ്റങ്ങള്‍ക്കും രൂപമാറ്റങ്ങള്‍ക്കും വിധേയമായ ശ്മശാനം വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്കു ശേഷം 2017 ജനുവരിയിലാണ് സംസ്ഥാന പുരാവസ്തു വകുപ്പ് പുരാവസ്തു നിയമപ്രകാരം സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. ശ്മശാനത്തിന്റെയും സിനഗോഗിന്റെയും സംരക്ഷണം മുസിരിസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പുണ്ടായ വേനല്‍ മഴയില്‍ പഴയ മതിലിന്റെ ഒരു ഭാഗം തകര്‍ന്നു വീണത് വാര്‍ത്തയായിരുന്നു. ഇതിനെ തുടര്‍ന്ന് മാള ഗ്രാമപ്പഞ്ചായത്തും പൈതൃക സംരക്ഷണ സമിതിയും മന്ത്രിമാര്‍ അടക്കമുള്ള അധികൃതരുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ടിരുന്നു. പ്രശ്‌നത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് അടിയന്തിര ഇടപെടല്‍ നടത്തിയ മന്ത്രിമാരായ ഡോ. തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രന്‍, വി ആര്‍ സുനില്‍കുമാര്‍ എം എല്‍ എ, മാള ഗ്രാമപഞ്ചായത്ത് ഭരണസമിതി, മുസിരിസ് പ്രൊജക്ട്‌സ് എം ഡി പി എം നൗഷാദ് എന്നിവരോട് കൃതജ്ഞത രേഖപ്പെടുത്തുന്നതായി മാള പൈതൃക സംരക്ഷണ സമിതി അറിയിച്ചു. 

Tags:    

Similar News