മുസ്‌ലിം വംശഹത്യയ്‌ക്കൊരുങ്ങുന്ന സംഘപരിവാറിന് താക്കീതായി പോപുലര്‍ ഫ്രണ്ട് വിശദീകരണ പൊതുയോഗം നടത്തി

Update: 2021-10-25 03:55 GMT

കൊച്ചി: 'അസം; മുസ്‌ലിം വംശഹത്യയ്ക്ക് കളമൊരുങ്ങുന്നു, വംശവെറിയന്മാരെ കരുതിയിരിക്കുക' എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ അരൂക്കുറ്റി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തില്‍ വിശദീകരണ പൊതുയോഗം നടത്തി. വടുതല ജംഗ്ഷനില്‍ നടന്ന വിശദീകരണ പൊതുയോഗം പോപുലര്‍ ഫ്രണ്ട് ആലപ്പുഴ ജില്ലാ സെക്രട്ടറി നാസര്‍ പഴയങ്ങാടി ഉല്‍ഘാടനം ചെയ്തു.

വിശദീകരണ പൊതുയോഗത്തില്‍ ആള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറി അഫ്‌സല്‍ ഖാസിമി കൊല്ലം മുഖ്യപ്രഭാഷണം നടത്തി. 2025ല്‍ മനുസ്മൃതിയെ അടിസ്ഥാനമാക്കിയുള്ള ഹിന്ദുരാഷ്ട്രം രൂപികരിക്കാനാണ് കേന്ദ്രസര്‍ക്കാറിനെ ഉപയോഗിച്ച് സംഘപരിവാര്‍ ശ്രമിക്കുന്നത്. സംഘപരിവാര്‍ വിഭാവനം ചെയ്യുന്ന ഹിന്ദുരാഷ്ട്രം എന്താണെന്ന് മനസ്സിലാക്കാന്‍ ഉത്തര്‍പ്രദേശിലേക്ക് നോക്കിയാല്‍ മതി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും ആദിവാസികള്‍ക്കും ദളിതര്‍ക്കും കര്‍ഷകര്‍ക്കുപോലും ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വരുന്ന, ഇന്ത്യ കണ്ട ഏറ്റവും മോശം ഭരണം നടത്തുന്ന ആദിത്യനാഥിനെ റോള്‍ മോഡലാക്കാനാണ് സംഘപരിവാര്‍ മറ്റ് സംസ്ഥാനങ്ങളിലെ ഭരണാധികാരികളോട് ആവശ്യപ്പെടുന്നത്. ഈ രാജ്യത്തെ പൗരന്മാരെ എന്‍ആര്‍സിയുടെയും, സിഎഎയുടെയും പേരില്‍ ആട്ടിയോടിക്കാനും ജയിലില്‍ അടക്കാനും തല്ലിക്കൊല്ലാനുമുള്ള സംഘപരിവാര്‍ പദ്ധതികള്‍ക്കെതിരെ നിയമപരമായ എല്ലാ ചെറുത്തു നില്‍പ്പുകളും സാധ്യമാക്കാന്‍ ഈ രാജ്യത്തെ മുഴുവന്‍ ജനാധിപത്യ മതേതര വിശ്വാസികളും രംഗത്തുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. യോഗത്തില്‍ പോപുലര്‍ ഫ്രണ്ട് അരൂക്കുറ്റി ഏരിയ പ്രസിഡന്റ് ഷാജഹാന്‍, ഡിവിഷന്‍ കമ്മിറ്റി അംഗം അബ്ദുല്‍ റഹീം മൗലവി അല്‍ഹസനി തുടങ്ങിയവര്‍ സംസാരിച്ചു.