'കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലം, അസോസിയേറ്റ് അംഗത്വം നല്‍കിയത് സ്വാഗതാര്‍ഹം'; സി കെ ജാനു
വയനാട്: യുഡിഎഫില്‍ അസോസിയേറ്റ് അംഗത്വം നല്‍കിയത് സ്വാഗതാര്‍ഹമെന്ന് ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷ സി കെ ജാനു. യുഡിഎഫ് പോലുള്ള മുന്നണികളാണ് ആദിവാസികള്‍ക്ക് വേണ്ടി ഇടപെടുന്നതെന്നും എന്‍ഡിഎയില്‍ നിന്ന് ലഭിച്ചത് അവഗണന മാത്രമാണെന്നും സി കെ ജാനു പറഞ്ഞു. പാര്‍ട്ടിയില്‍ ഉള്ളവരെല്ലാം സന്തോഷത്തിലാണ്. യുഡിഎഫ് എല്ലാ ആളുകളെയും ഒപ്പം നിര്‍ത്തുന്ന സമീപനം സ്വീകരിക്കുന്നു. മുത്തങ്ങ വെടിവെയ്പ്പ് ഉണ്ടായത് യുഡിഎഫ് കാലത്താണെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അതിനു ശേഷം യുഡിഎഫില്‍ നിന്നുണ്ടായത് ഏറ്റവും അനുകൂലമായ സമീപനമായിരുന്നുവെന്നും സി കെ ജാനു പറഞ്ഞു. യുഡിഎഫ് അസോസിയേറ്റ് അംഗമായി ജെആര്‍പിയെ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ജാനുവിന്റെ പ്രതികരണം.
'യുഡിഎഫില്‍ ചേരണമെന്നായിരുന്നു പാര്‍ട്ടിയിലെ പൊതുവികാരം. തീരുമാനം സ്വാഗതാര്‍ഹം. എല്ലാവരെയും ഒപ്പം നിര്‍ത്തുന്ന പാര്‍ട്ടിയാണ് യുഡിഎഫ്. പാര്‍ട്ടിയെ മുന്നണിയില്‍ എടുത്തതില്‍ പായസം വെച്ച് ആഘോഷിക്കുകയാണ് എല്ലായിടത്തും'. യുഡിഎഫ് പോലുള്ള സര്‍ക്കാരുകളാണ് ആദിവാസികള്‍ക്കു വേണ്ടി ഇടപെടുന്നതെന്നും പാര്‍ട്ടിയിലുള്ളവരെല്ലാം സന്തോഷത്തിലാണെന്നും അവര്‍ പ്രതികരിച്ചു. കേരളത്തിലെ രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലമാണ്. ജനങ്ങളുടെ ചിന്ത മാറി ആദിവാസികള്‍ക്കനുകൂലമായ നിയമങ്ങള്‍ മുഴുവന്‍ ഭേദഗതി ചെയ്തത് എല്‍ഡിഎഫാണ്. ഒന്‍പതു വര്‍ഷമായി തുടരുന്നതും ജനവിരുദ്ധ സമീപനമാണ്. ജനങ്ങള്‍ക്ക് തിരിച്ചറിവുണ്ടായി. പക്ഷെ ഇടതു പ്രസ്ഥാനങ്ങള്‍ക്ക് തിരിച്ചറിവുണ്ടാവുന്നില്ല. കുറ്റിച്ചൂലിനെ നിര്‍ത്തിയാല്‍ ജയിക്കുന്ന കാലം കഴിഞ്ഞുവെന്നും സി കെ ജാനു പരിഹസിച്ചു.
മുന്നണിപ്രവേശവുമായി ബന്ധപ്പെട്ട് നീണ്ട ചര്‍ച്ച നടത്തിയിരുന്നു. സീറ്റ് ചര്‍ച്ചകള്‍ ഒന്നും ഇതുവരെ നടന്നിട്ടില്ല. ഭാവിയില്‍ അത്തരം ചര്‍ച്ചകള്‍ നടത്താവുന്നതാണ്. ആദ്യം പാര്‍ട്ടിയില്‍ അക്കാര്യങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്യും. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം നടന്ന ആദ്യ യുഡിഎഫ് യോഗത്തില്‍ പി വി അന്‍വറിന്റെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെയും പാര്‍ട്ടികളെയും ജാനുവിനെ കൂടാതെ യുഡിഎഫ് അസോസിയേറ്റ് അംഗമായി പരിഗണിച്ചിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഘടകകക്ഷികളുമായി ചര്‍ച്ച നടത്തുമെന്നും ഏത് തരത്തിലാണ് പിന്തുണ നല്‍കാനാവുകയെന്ന കാര്യത്തില്‍ ചര്‍ച്ച നടത്തുമെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞിരുന്നു.

