ലഹരിസംഘത്തിന് റോമറ്റീരിയല്‍സ് എത്തിച്ചുകൊടുക്കുന്നത് പോലിസെന്ന് പി വി അന്‍വര്‍

മലപ്പുറത്ത് ഡാന്‍സാഫ് സംഘവും ലഹരിക്കടത്ത് മാഫിയയും തമ്മിലുള്ള ബന്ധം പുറത്തുവിട്ട സ്വകാര്യ ചാനല്‍ വാര്‍ത്തയോട് പ്രതിക്കരിക്കവെയാണ് അന്‍വറിന്റെ ആരോപണം.

Update: 2024-09-13 08:39 GMT

കോഴിക്കോട്: മലപ്പുറത്ത് പോലിസും ലഹരിമാഫിയയും തമ്മില്‍ വലിയ ബന്ധമെന്ന് പി വി അന്‍വര്‍ എംഎല്‍എ. ലഹരി കച്ചവടം നടത്താന്‍ ലഹരിസംഘത്തിന് റോ മെറ്റീരിയല്‍സ് എത്തിച്ചു കൊടുക്കന്നവരാണ് മലപ്പുറത്തെ പോലിസെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറത്ത് ഡാന്‍സാഫ് സംഘവും ലഹരിക്കടത്ത് മാഫിയയും തമ്മിലുള്ള ബന്ധം പുറത്തുവിട്ട സ്വകാര്യ ചാനല്‍ വാര്‍ത്തയോട് പ്രതിക്കരിക്കവെയാണ് അന്‍വറിന്റെ ആരോപണം. സുജിത് ദാസിന് ഉന്നതരുടെ പിന്തുണയുണ്ട്. പോലിസ് ലഹരിസംഘത്തിന് യൂനിഫോം വരെ നല്‍കിയിട്ടുണ്ട്. ഇനിയും നിരവധി കാര്യങ്ങള്‍ പുറത്തുവരാനുണ്ട്. തന്റെ പോരാട്ടത്തിന് പാര്‍ട്ടി പിന്തുണയുണ്ട്. അതുകൊണ്ടാണ് തന്നെ അവര്‍ തള്ളിപ്പറയാത്തത്. ഡാന്‍സാഫും മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട് നിരവധി വിഷയങ്ങള്‍ എനിക്കു മുന്നിലുണ്ട്. ഒരുപാട് നിരപരാധികളെ കേസില്‍ കുടുക്കുകയും അപരാധികളെ രക്ഷപ്പെടുത്തുകയുമാണ് ഡാന്‍സാഫ് ചെയ്യുന്നത്. ലഹരിമരുന്ന് കൊണ്ടുവന്ന് നാടിന്റെ വിവിധ ഭാഗങ്ങളില്‍ കച്ചവടം ചെയ്യാന്‍ സപോര്‍ട്ട് ചെയ്യുന്നത് പോലിസ് തന്നെയാണ്. എന്നിട്ട് അവര്‍ തന്നെ ആളുകളെ കള്ളക്കേസില്‍ കുടുക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു. മലപ്പുറം ജില്ലയിലെ ഒട്ടുമിക്ക കേസുകളും പോലിസ് കെട്ടിച്ചമച്ചതാണ്. സത്യസന്ധമായി അന്വേഷിച്ചാല്‍ അതൊക്കെ തെളിയുമെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Tags: