'ക്രിയകള്‍ ചെയ്യണം, ഉടന്‍ വരണം'; മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം നാടുവിട്ടയാളെ പോലിസ് നാട്ടിലെത്തിച്ചത് തന്ത്രപൂര്‍വം

Update: 2022-01-12 11:47 GMT

പാലക്കാട്: മാതാപിതാക്കളെ കൊലപ്പെടുത്തിയശേഷം ബെംഗളൂരിലേക്ക് കടന്ന സനലിനെ കൃത്യമായ ആസൂത്രണത്തിലൂടെയാണ് പോലിസ് വലയിലാക്കിയത്. സഹോദരന്‍ സുനിലിനെക്കൊണ്ട് ഫോണിലൂടെ സനലിനെ ബന്ധപ്പെടാന്‍ ആവശ്യപ്പെട്ടു. വീട്ടില്‍ മോഷണം നടന്നെന്നും മോഷണശ്രമത്തിനിടെ അച്ഛനും അമ്മയും കൊല്ലപ്പെട്ടെന്നുമായിരുന്നു സുനില്‍ അറിയിച്ചത്. ആരാണ് മോഷണം നടത്തിയതെന്ന് അറിഞ്ഞിട്ടില്ല. മാതാപിതാക്കളുടെ സംസ്‌കാരച്ചടങ്ങുകളും ക്രിയകളും നടത്തേണ്ടതിനാല്‍ എത്രയും വേഗം വീട്ടിലെത്തണമെന്നും സുനില്‍ ആവശ്യപ്പെട്ടു. 

മോഷണശ്രമത്തിനിടെ കൊല നടന്നെന്നാണ് വീട്ടുകാര്‍ കരുതിയിരിക്കുന്നതെന്ന് വിശ്വസിച്ച സനല്‍, സ്ഥലത്ത് പോലിസെത്തി പരിശോധന നടത്തിയോയെന്ന് ചോദിച്ചു. പോലിസ് വന്നിരുന്നെന്ന് പറഞ്ഞപ്പോള്‍ മോഷ്ടാവിന്റെ വിരലടയാളം ലഭിച്ചിട്ടുണ്ടോയെന്നായിരുന്നു മറ്റൊരു ചോദ്യം. ഇല്ലെന്ന് സഹോദരന്‍ അറിയിച്ചതോടെയാണ് മൈസൂരുവില്‍നിന്ന് വീട്ടിലേക്ക് വരാന്‍ സനല്‍ തീരുമാനിച്ചത്. തീവണ്ടികയറി വീട്ടിലെത്തിയ സനല്‍ വീട് പൂട്ടിക്കിടക്കുന്നത് കണ്ട് മടങ്ങാനിരുന്നതായിരുന്നു. 

ഇതുകണ്ട നാട്ടുകാര്‍ വിവരം പോലിസിനെ അറിയിച്ചു. അടുത്തുള്ള മുരളി ജങ്ഷനിലേക്ക് വരാന്‍ സഹോദരന്‍ പറഞ്ഞു. തുടര്‍ന്ന്, ഇവിടെനിന്ന് നാട്ടുകാരുടെ സഹായത്തോടെ പ്രതിയെ പിടികൂടുകയായിരുന്നു.