ആയുര്‍വേദത്തെ ശാസ്ത്രീയതയിലേക്ക് നയിച്ച ഭിഷഗ്വരന്‍; ഡോ. പി കെ വാര്യരുടെ മരണത്തില്‍ മുഖ്യമന്ത്രിയുടെ അനുശോചനം

Update: 2021-07-10 09:26 GMT

തിരുവനന്തപുരം: ആയുര്‍വേദത്തെ ആഗോള പ്രശസ്തിയിലേക്കും സര്‍വ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരന്‍മാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആയുര്‍വേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യര്‍ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവര്‍ ഏറ്റെടുത്തില്ലെങ്കില്‍ ആയുര്‍വേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തില്‍ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുര്‍വേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തില്‍ വരെയെത്തിച്ചു. രാഷ്ട്രത്തലവന്‍മാര്‍ മുതല്‍ അഗതികള്‍ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവര്‍ക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നല്‍കി- അനുശോചന സന്ദേശത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഡോ. പി കെ വാര്യരുടെ ഭരണനൈപുണ്യം എടുത്ത് പറയേണ്ടതുണ്ട്. കോട്ടയ്ക്കല്‍ ആര്യ വൈദ്യശാലയെ പുരോഗതിയിലേക്കും ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. പാരമ്പര്യത്തിന്റെ മൂല്യങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടു തന്നെ നവീനതയെ ഉള്‍ക്കൊണ്ടു. വിറകടുപ്പില്‍ നിന്നും സ്റ്റീം പ്ലാന്റുകളിലേക്കും, കുപ്പിക്കഷായങ്ങളില്‍ നിന്നും ടാബ്ലറ്റുകളിലേക്കും, തൈലങ്ങളില്‍ നിന്ന് ജെല്‍ രൂപത്തിലേക്കും മാറി. ഔഷധസസ്യങ്ങളെക്കുറിച്ച് അഞ്ചു വാല്യങ്ങളിലായി ഒരു ആധികാരിക ഗ്രന്ഥം പുറത്തിറക്കാന്‍ അദ്ദേഹം നേതൃത്വം നല്‍കി. വിലമതിക്കാനാകാത്ത സംഭാവനയാണിത്- മുഖ്യമന്ത്രി കൂട്ടിച്ചര്‍ത്തു.