പെഗസസ് റിപോര്‍ട്ട് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചു

Update: 2022-08-02 07:59 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ നിരവധി രാഷ്ട്രീയക്കാരുടെയും മാധ്യമപ്രവര്‍ത്തകരുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണുകളിലേക്ക് നുഴഞ്ഞുകയറാന്‍ ഇസ്രായേലി സ്‌പൈവെയര്‍ പെഗാസസ് ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട മൂന്നംഗ സമിതി സുപ്രിം കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ചു. ഒരാഴ്ച മുമ്പാണ് റിപോര്‍ട്ട് സമര്‍പ്പിച്ചത്. റിപോര്‍ട്ടിലെ ഉള്ളടക്കം പുറത്തുവിട്ടിട്ടില്ല.

വിരമിച്ച സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ആര്‍.വി.രവീന്ദ്രന്റെ മേല്‍നോട്ടത്തിലാണ് സമിതിയെ നിയോഗിച്ചത്. കേസിന്റെ വിചാരണ എന്നായിരിക്കുമെന്ന് തീരുമാനിച്ചിട്ടില്ല.

ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ ആഗസ്റ്റ് 12ന് കേസ് ലിസ്റ്റ് ചെയ്‌തേക്കുമെന്ന് സൂചനയുണ്ട്.

ഗാന്ധിനഗറിലെ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂനിവേഴ്‌സിറ്റി ഡീന്‍ ഡോ.നവീന്‍ കുമാര്‍ ചൗധരി, കേരളത്തിലെ അമൃത വിശ്വവിദ്യാപീഠം പ്രൊഫസര്‍ ഡോ. പ്രഭാഹരന്‍ പി, ഐഐടി ബോംബെയിലെ ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ.അശ്വിന്‍ അനില്‍ ഗുമസ്‌തെ എന്നിവരടങ്ങുന്നതാണ് സമിതി.

ഫോറന്‍സിക് വിശകലനത്തിനായി പാനല്‍ 29 ഫോണുകള്‍ പരിശോധിച്ചു. പ്രത്യേക നടപടിക്രമം പാലിക്കേണ്ടതിനാല്‍ വിശദാംശങ്ങള്‍ പുറത്തുവിടാനാവില്ലെന്ന് പാനല്‍ അംഗങ്ങള്‍ പറഞ്ഞു.

പെഗാസസിന് മറ്റൊരാളുടെ ഫോണ്‍ ക്യാമറയും മൈക്രോഫോണും ഓണാക്കാനും ഉപകരണത്തിലെ ഡാറ്റ ആക്‌സസ് ചെയ്യാനും കഴിയുമെന്നാണ് മാധ്യമങ്ങളുടെ കണ്‍സോര്‍ഷ്യം കണ്ടെത്തിയത്.

മാധ്യമപ്രവര്‍ത്തകര്‍, ആക്ടിവിസ്റ്റുകള്‍, പ്രതിപക്ഷ നേതാക്കള്‍, മന്ത്രിമാര്‍ എന്നിവരുടെ ഫോണുകള്‍ ഹാക്ക് ചെയ്യാന്‍ പെഗാസസിനെ കേന്ദ്ര സര്‍ക്കാര്‍ ഉപയോഗിച്ചുവെന്ന ആരോപണം 2021 ജൂലൈ 19ന് പാര്‍ലമെന്റില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് നിഷേധിച്ചു. ഇന്ത്യന്‍ ജനാധിപത്യത്തെ തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

Tags: