പാര്‍ലമെന്ററി സ്റ്റാന്റിങ് കമ്മിറ്റി യോഗത്തിനെത്തിയില്ല; വകുപ്പ് മേധാവികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ക്ക് ശശി തരൂരിന്റെ കത്ത്
ന്യൂഡല്‍ഹി: പെഗസസ് ഫോണ്‍ ചോര്‍ത്തല്‍ അന്വേഷിക്കുന്ന പാര്‍ലമെന്ററി പാനലിനു മുന്നില്‍ ഹാജരാവാത അവസാന നിമിഷം അസൗകര്യം അറിയിച്ച് പിന്‍മാറിയ കേന്ദ്ര സര്‍ക്കാരിന്റെ മൂന്ന് വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ശശി തരൂരിന്റെ കത്ത്. അവസനാ നിമിഷത്തില്‍ സംശയാസ്പദമായ രീതിയില്‍ യോഗത്തില്‍ ഹാജരാവാതിരുന്നത് പാര്‍ലമെന്റിന്റെ അവകാശലംഘനമാണെന്നും പരമാധികാര സഭയോടുള്ള അവഹേളനമാണെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
പെഗസസ് ചാരസോഫ്റ്റ് വെയര്‍ വിഷയത്തിലാണ് ഐടി പാനല്‍ യോഗം കൂടാന്‍ തീരുമാനിച്ചത്. യോഗത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിലെ ഐടി, ആഭ്യന്തരം, വാര്‍ത്താവിനിമയം മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരോട് ഹാജരാവാന്‍ നോട്ടിസും അയച്ചു. എന്നാല്‍ ഇവരൊന്നും തന്നെ ഹാജരായില്ലെന്നു മാത്രമല്ല, പാര്‍ലമെന്റിനെ അവമതിക്കുന്ന മട്ടില്‍ മറുപടി നല്‍കി യോഗം ബഹിഷ്‌കരിച്ചുവെന്നും അദ്ദേഹം പറയുന്നു.
ജൂലൈ 28 മൂന്ന് മണിക്കാണ് യോഗം ചേരാന്‍ തീരുമാനിച്ചത്. അതുസംബന്ധിച്ച അറിയിപ്പ് ജൂലൈ 20നു തന്നെ മേധാവികളെ അറിയിച്ചു. എല്ലാവരും പങ്കെടുക്കാമെന്ന് അറിയിച്ചു. എന്നാല്‍ യോഗം തുടങ്ങുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പ് അതായത് 2.33 പി എം, 2.44 പിഎം, 2.55 പിഎം എന്നീ സമയങ്ങളില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ മറ്റൊരു യോഗത്തില്‍ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് യോഗത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് ഗുഢാലോചനപരമാണെന്നാണ് തരൂര്‍ മൂന്ന് പേജുള്ള പരാതിയില്‍ പറയുന്നത്.
അതേസമയം കോറം തികയത്തതിനാല്‍ യോഗം നടന്നില്ല. തരൂര്‍ അടക്കം ഐടി കമ്മിറ്റിയില്‍ 31 പേരാണ് ഉള്ളത്. ചുരുങ്ങിയത് 10 പേര്‍ ഉണ്ടായാലേ യോഗം നടക്കൂ. ബിജെപി അംഗങ്ങള്‍ യോഗത്തിനെത്താത്തതിനാല്‍ ആകെ 9 പേര്‍ മാത്രമാണ് ഹാജരായത്. അതോടെ യോഗം മാറ്റിവയ്‌ക്കേണ്ടിവന്നു.
അതേസമയം കൂട്ടമായെടുത്ത ഒരു തീരുമാനമെന്ന മട്ടില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തിനെത്താത്തത് ഗുരുതരമായ വീഴ്ചയാണെന്നാണ് തരൂര്‍ പറയുന്നത്.
നിയമമനുസരിച്ച പാനല്‍ ആവശ്യപ്പെട്ടാല്‍ യോഗത്തിനെത്താന്‍ വകുപ്പ് മേധാവികള്‍ ബാധ്യസ്ഥരാണ്.
