അസമില്‍ പ്രളയബാധിതരുടെ എണ്ണം അഞ്ചര ലക്ഷമായി

Update: 2021-09-01 06:10 GMT

ഗുവാഹത്തി: മഴ തുടരുന്ന അസമില്‍ പ്രളയബാധിതരുടെ എണ്ണം 5.47 ലക്ഷമായി. 34 ല്‍ 22 ജില്ലകളെയും പ്രളയം ബാധിച്ചിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പടിഞ്ഞാറന്‍ ജില്ലകളില്‍ പ്രളയം രൂക്ഷമാണ്. നല്‍ബാരി ജില്ലയിലാണ് കൂടുതല്‍ പ്രളയബാധിതരുള്ളത്, 1,10,671 പേര്‍. ദറാങ് ജില്ലയാണ് രണ്ടാമത്, 1,09,651 പേര്‍. ലക്ഷിംപൂര്‍, മജുലി, ധെമാജ് എന്നീ ജില്ലകളെയും പ്രളയം രൂക്ഷമായി ബാധിച്ചു. പ്രളയത്തില്‍ ഒരാള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.

40,000 ഹെക്ടര്‍ ഭൂമി പ്രളയത്തില്‍ മുങ്ങി. 1,278 ഗ്രാമങ്ങളെ പ്രളയം ബാധിച്ചു. 105 ദുരിതാശ്വാസക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്.

കാസിരംഗ നാഷണല്‍ പാര്‍ക്ക് ടൈഗര്‍ റിസര്‍വിന്റെ 70 ശതമാനവും മുങ്ങി. ഗൊലാഘട്ട്, നാഗോണ്‍, സോണിത്പൂര്‍, ബിശ്വനാഥ്, കാര്‍ബി ആംഗ്ലോംഗ് ജില്ലകളിലായാണ് ടൈഗര്‍ റിസര്‍വ് സ്ഥിതിചെയ്യുന്നത്.

3.45 ലക്ഷം വീട്ടുമൃഗങ്ങളെ പ്രളയം ബാധിച്ചു.  

Tags: