ബംഗ്ലാദേശില്‍ കൊവിഡ് ബാധിതരുടെ എണ്ണം 5 ലക്ഷമായി; രോഗമുക്തി നിരക്ക് 87.20 ശതമാനം

Update: 2020-12-19 15:07 GMT

ധക്ക: ബംഗ്ലാദേശില്‍ 24 മണിക്കൂറിനുള്ളില്‍ 1,267 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 4,99,560 ആയി. ഇന്ന് മാത്രം 25 പേര്‍ മരിച്ചിട്ടുണ്ട്. രാജ്യത്ത് ഇതുവരെ 7,242 പേരാണ് രോഗം ബാധിച്ച് മരിച്ചതെന്ന് ഹെല്‍ത്ത് സര്‍വീസ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 12,300 കൊവിഡ് പരിശോധനകളാണ് രാജ്യത്ത് നടന്നത്.

ബംഗ്ലാദേശിലെ കൊവിഡ് മരണനിരക്ക് നിലവില്‍ 1.45 ശതമാനമാണ്. രോഗമുക്തി നിരക്ക് 87.20 ശതമാനം.

ജൂലൈ 2നാണ് ബംഗ്ലാദേശില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്, 4,019. മരണസംഖ്യ ഏറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് ജൂണ്‍ 30നും, 64 മരണങ്ങള്‍.

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിന് വാക്‌സിന്‍ വിതരണം ചെയ്യാന്‍ ഇന്ത്യ തയ്യാറായിട്ടുണ്ട്. ചൈനയുമായി നല്ല ബന്ധം പുലര്‍ത്തുന്ന അയല്‍രാജ്യമായ ബംഗ്ലാദേശിനെ കൂടെ നിര്‍ത്താനുള്ള നയതന്ത്രത്തിന്റെ ഭാഗമാണ് ഇതെന്നാണ് കരുതുന്നത്. ബംഗ്ലാദേശിന് വാക്‌സിന്‍ നല്‍കാന്‍ തയ്യാറാണെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയും ബംഗ്ലാദേശ് പ്രധാനമന്ത്രിയുമായി വ്യാഴാഴ്ച നടന്ന ഓണ്‍ലൈന്‍ ഉച്ചകോടിയില്‍ ഇന്ത്യ ഉറപ്പുനല്‍കിയിരുന്നു. പൗരത്വ ഭേദഗതി നിയമം പാസ്സാക്കിയതിനെ തുടര്‍ന്ന് സംഘര്‍ഷത്തിലായ അയല്‍ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്ന് കരുതുന്നു.